അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫാസിസ്റ്റാണ് എന്നാവർത്തിച്ച് ന്യൂയോർക്ക് മേയർ സൊഹ്രാൻ മംദാനി. വൈറ്റ് ഹൗസിൽ വച്ച് ഇരുവരും തമ്മിൽ സൗഹാർദപരമായ കൂടിക്കാഴ്ച കഴിഞ്ഞ് രണ്ടു ദിവസങ്ങൾക്കുള്ളിലാണ് ട്രംപ് ഫാസിസ്റ്റാണെന്ന് ആവർത്തിച്ച് മംദാനി രംഗത്തെത്തിയത്. താൻ നേരത്തേ പറഞ്ഞിട്ടുള്ള നിലപാടിൽ ഇപ്പോഴും ഉറച്ചു നിൽക്കുന്നു എന്നായിരുന്നു മംദാനിയുടെ പ്രതികരണം. മേയർ തിരഞ്ഞെടുപ്പ് സമയത്ത് പരസ്പരം ശക്തമായ രാഷ്ട്രീയ വിമർശനങ്ങൾ നടത്തിയവരാണ് മംദാനിയും ട്രംപും.
മംദാനി യെ മേയറായി തിരഞ്ഞെടുത്താൽ ന്യൂയോർക്കിന് നൽകുന്ന ഫണ്ട് വെട്ടിക്കുറയ്ക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. മംമ്ദാനി ഒരു കമ്മ്യൂണിസ്റ്റാണ് എന്നും അതുകൊണ്ട് മംദാനിയെ വിജയിപ്പിക്കരുത് എന്ന് ട്രംപ് പറഞ്ഞിരുന്നു. മേയർ തെരഞ്ഞെടുപ്പിൽ മംദാനിക്കെതിരെ കടുത്ത ആരോപണങ്ങളാണ് ട്രംപ് ഉയർത്തിയത്. ഡെമോക്രാറ്റിക് സ്ഥാനാർഥിയായ മംദാനി ന്യൂയോർക്ക് സിറ്റിയെ കമ്യൂണിസ്റ്റ് ക്യുബയാക്കി മാറ്റുമെന്നും മംദാനി തീവ്രവാദിയാണെന്നുമായിരുന്നു ട്രംപിന്റെ ആക്ഷേപം.
ഈ രാഷ്ട്രീയ തർക്കങ്ങൾക്കെല്ലാം ഒടുവിലാണ് ഇരുവരും വൈറ്റ് ഹൌസിലെ കൂടിക്കാഴ്ചയ്ക്കു ശേഷം വളരെ സൗഹാർദത്തോടെ മാധ്യമങ്ങളെ കണ്ടത്. ന്യൂയോർക്കിലെ ജീവിതചെലവ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ട്രംപുമായി ചേർന്ന് പ്രവർത്തിക്കുമെന്ന് മംദാനി വ്യക്തമാക്കിയിരുന്നു. ശക്തരായ എതിരാളികളെ പരാജയപ്പെടുത്തിയാണ് മംദാനി തിരഞ്ഞെടുക്കപ്പെട്ടതെന്നും ട്രംപ് പ്രശംസിച്ചിരുന്നു.









