ഗുസ്തി താരം ബജ്‌റങ് പുനിയയെ സാമ്പിള്‍ പരിശോധനയുമായി സഹകരിക്കാത്തതിന്റെ പേരില്‍ സസ്‌പെന്‍ഡ് ചെയ്തുവെന്ന സംഭവം കായിക ലോകത്ത് ചര്‍ച്ചക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത് വാര്‍ത്തമാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇതാ ഇപ്പോള്‍ പോളണ്ടിന്റെ ഒരു ടെന്നീസ് താരം ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഒരു മാസത്തേക്ക് വിലക്ക് നേരിട്ടിരിക്കുകയാണ്. പോളിഷ് വനിത ടെന്നീസ് താരമായ ഇഗ സ്വിയാടെക്കിനാണ് നിരോധിത മരുന്ന് ഉപയോഗിച്ചതിനെ തുടര്‍ന്ന് ഒരുമാസം വിലക്ക് നേരിട്ടിരിക്കുന്നത്. നിരോധിത മരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിലക്ക്. അന്താരാഷ്ട്ര ടെന്നീസ് ഇന്റഗ്രിറ്റി ഏജന്‍സിയാണ് വിലക്ക് പ്രഖ്യാപിച്ചത്.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ക്ക് നല്‍കുന്ന ട്രിമെറ്റാഡിസിന്‍ എന്ന മരുന്ന് സ്വിയാടെക് ഉപയോഗിച്ചുവെന്നാണ് കണ്ടെത്തല്‍. ഇക്കാര്യം താരം സമ്മതിച്ചിട്ടുള്ളതായുമുള്ള വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്. ഉറക്കസംബന്ധമായ പ്രശ്നങ്ങള്‍ മാറ്റാന്‍ ഉപയോഗിച്ച മരുന്നാണ് തനിക്ക് വിനയായതെന്നാണ് താരം അധികൃതരോട് വെളിപ്പെടുത്തിയിരിക്കുന്നത്. അഞ്ചുവട്ടം ഗ്രാന്‍സ്ലാം നേടിയിട്ടുള്ള ലോക രണ്ടാം നമ്പര്‍ താരമായ സ്വിയാടെക്കിനെ കഴിഞ്ഞ സെപ്റ്റംബര്‍ 22 മുതല്‍ ഒക്ടോബര്‍ നാലുവരെ താത്കാലിക വിലക്ക് ലഭിച്ചിരുന്നു.