ക്രിക്കറ്റിനെയും ചാരിറ്റിയെയും സമന്വയിപ്പിച്ച് കൊണ്ട് ദമ്മാം മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിച്ച എം.പി.എൽ ക്രിക്കറ്റ് സീസൺ സിക്‌സിൽ അൽ റവാദ് വളാഞ്ചേരി ചാമ്പ്യൻമാരായി. ദമ്മാം കാനു ഗ്രൗണ്ടിൽ നടന്ന കലാശപ്പോരാട്ടത്തിൽ യു.ഐ.സി കോടൂരിനെ പരാജയപ്പെടുത്തിയാണ് അൽ റവാദ് ചാമ്പ്യന്മാരായത്. മലപ്പുറം ജില്ലയിലെ പ്രമുഖ താരങ്ങൾ അടക്കം ഇരുനൂറോളം കളിക്കാർ പങ്കെടുത്ത ടൂർണമെന്റിൽ വിവിധ ഫ്രാഞ്ചൈസികളായി പന്ത്രണ്ടു ടീമുകൾ മാറ്റുരച്ചു.
സൗദിയിലെ പ്രമുഖ ഇൻഡസ്ട്രിയൽ സ്ഥാപനമായ യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനിയാണ് ടൂർണമെന്റിന്റെ മുഖ്യ പ്രായോജകർ. യു.ഐ.സി ദമ്മാം ബ്രാഞ്ച് മാനേജർ റോബിൻ, ട്രെൻഡി ഇൻടീരിയർ മാനേജിംഗ് ഡയറക്ടർ ഹനീഫ, അബീർ മെഡിക്കൽ സെന്റർ പ്രതിനിധി അനീഷ് എന്നിവർ ടൂർണമെന്റിന്റെ ഉദ്ഘാടനം ചടങ്ങിൽ മുഖ്യ അതിഥികളായി. ടൂർണമെന്റിന്റെ ഏറ്റവും മികച്ച താരമായും ബാറ്ററായും അൽ റവാദിന്റെ റാഷിദ് മുഹമ്മദ്, മികച്ച ബൗളറായും അൽ റവാദിന്റെ തന്നെ ജനു ജനാർദനൻ, മികച്ച ഫീൽഡറായും ടൈറ്റൻസിന്റെ മൻസൂർ, മികച്ച വിക്കറ്റ് കീപ്പറായും യു.ഐ.സി യുടെ സഹദ് സനീബർ എന്നിവരെ തെരഞ്ഞെടുത്തു.
ചേസേഴ്സ് ഇലവൻ നിലമ്പൂർ ആണ് ടൂർണമെന്റിലെ ഫെയർ പ്ലേ അവാർഡിന് അർഹരായത്. സമാപനചടങ്ങിൽ യൂനിവേഴ്സൽ ഇൻസ്പെക്ഷൻ കമ്പനി മാനേജിംഗ് ഡയറക്ടറും ഗിന്നസ് റെക്കോർഡ് ജേതാവുമായ ബദർദീൻ അബ്ദുൽ മജീദ് മുഖ്യ അതിഥിയായി ട്രോഫികൾ സമ്മാനിച്ചു. പ്രസിഡന്റ് നജ്മുസമാൻ ഐക്കരപ്പടി അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സഹീർ മജ്ദാൽ സ്വാഗതവും കോർഡിനേറ്റർ ശുഹൈബ് പെരിന്തൽമണ്ണ നന്ദിയും പറഞ്ഞു. മലപ്പുറം ക്രിക്കറ്റ് കൂട്ടായ്മ ചെയർമാൻ സലീം പി. കരീം, രക്ഷാധികാരി രജീഷ് മലപ്പുറം, ജനറൽ സെക്രട്ടറി യൂനുസ് വളാഞ്ചേരി, ട്രഷറർ റിഷാദ് പൊന്നാനി, സാബിത് ചിറക്കൽ, ഇംതിയാസ്, ജാഫർ ചേളാരി, യൂസഫ് മലപ്പുറം, മഹ്‌ഷൂഖ് റഹ്‌മാൻ, റംശാദ്, ഷജീർ, അജ്മൽ, അപ്ഷാദ്, മുസമ്മിൽ എന്നിവർ നേതൃത്വം നൽകി.









