സിനിമാ താരങ്ങളുടെ പ്രശ്ങ്ങങ്ങൾക്ക് വേണ്ടി സ്വന്തം സമയം കളയാതെ, അത് ഓരോരുത്തരും തനിക്കും കുടുംബത്തിന് വേണ്ടി ചിലവഴിക്കണമെന്ന് കാന്താര ചാപ്റ്റർ 1 ലെ നായിക രുക്മിണി വസന്ത്. ‘താൻ ജീവിച്ചിരിപ്പുണ്ടെന്ന് പോലും അറിയാത്ത സിനിമ താരങ്ങൾക്കും ക്രിക്കറ്റു കളിക്കാർക്കും വേണ്ടി തർക്കിച്ചും ന്യായീകരിച്ചും സമയം കളയുന്ന ഞാനെത്ര മണ്ടനാണ്’ എന്ന പ്രമേയമുള്ള ഒരു ഇൻസ്റ്റാഗ്രാം റീലിന് കീഴിൽ രുക്മിണി വസന്ത് പങ്കുവെച്ച കമന്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“എനിക്ക് എന്റെ കാര്യമേ പറയാൻ സാധിക്കൂ, ഏതായാലും നിങ്ങളെല്ലാം ഇവിടൊക്കെ ഉണ്ടെന്ന് ഞങ്ങൾക്ക് ബോധ്യമുണ്ട്. അതിൽ പറഞ്ഞറിയിക്കാനാകാത്ത നന്ദിയുമുണ്ട്. ആ പിന്തുണയാണ് എന്നെ ജോലി ചെയ്യാൻ പ്രേരിപ്പിക്കുന്നത്. എന്നാൽ ഞങ്ങൾക്കൊക്കെ വേണ്ടി അനാവശ്യമായി സ്വന്തം സമയം കളയരുത്. അത് നിങ്ങൾക്കും നിങ്ങളുടെ കുടുംബത്തിനും വേണ്ടി ചിലവഴിക്കൂ” രുക്മിണി വസന്ത് കുറിച്ചു.
അനേകം ലൈക്കുകൾ നേടിയ രുക്മിണിയുടെ കമന്റിനൊപ്പം, കാഴ്ചക്കാരിലധികം പേരും റീലിനെ ബന്ധിപ്പിക്കുന്നത് ദളപതി വിജയ്‌യുടെ പാർട്ടിയായ ടിവികെയുടെ കാരൂർ റാലിയിൽ 41 പേര് മരണമടഞ്ഞ വിഷയത്തോടാണ്. വിഷയത്തിൽ വിജയ്‌യെ അന്ധമായി പിന്തുണയ്ക്കുന്ന ആരാധകരെക്കുറിച്ചും നിരവധി കമന്റുകളുണ്ട്.
ഒപ്പം തന്റെ ആരാധകനെ കൊലപ്പെടുത്തിയതിന് ജയിൽ ശിക്ഷ ലഭിച്ച കന്നഡ താരം ദര്ശനെ ന്യായികരിക്കുന്ന ആരാധകർക്കെതിരെയുമുള്ള കമന്റുകളും റീലിന് കീഴിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഋഷഭ് ഷെട്ടി നായകനായ കാന്താരയിൽ കനകവാതി എന്ന രാജകുമാരിയുടെ വേഷം കൈകാര്യം ചെയ്ത രുക്മിണി വസന്തിന്റെ പ്രകടനത്തിന് ഒട്ടനവധിപേരാണ് പ്രശംസയറിയിച്ചിരിക്കുന്നത്. രക്ഷിത് ഷെട്ടിയുടെ സപ്ത സാഗര ധാച്ചേ എല്ലോ എന്ന റൊമാന്റിക്ക് ഡ്രാമയിലൂടെയായിരുന്നു രുക്മിണി വസന്ത് ശ്രദ്ധേ നേടിയത്.









