കാസർഗോഡ് ഡേറ്റിങ് ആപ്പ് വഴി പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിലായി. കോഴിക്കോട് പേരാമ്പ്ര സ്വദേശിയായ പ്രജീഷിനെയാണ് പയ്യന്നൂർ പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 12 ആയി. ഇനി നാല് പേരെ കൂടി പിടിക്കൂടാനുണ്ട്.
ഡേറ്റിങ് ആപ്പുകൾ ഉപയോഗിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികളെ വശീകരിച്ച് ലൈംഗികമായി പീഡിപ്പിക്കുന്ന സംഘത്തെക്കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് ഈ അറസ്റ്റിലേക്ക് നയിച്ചത്. തലശ്ശേരിയിൽ വെച്ചാണ് പൊലീസ് പ്രജീഷിനെ പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പയ്യന്നൂർ കോത്തായി മുക്കിലെ ഒരു ക്വാർട്ടേഴ്സിൽ വെച്ച് പ്രതി കുട്ടിയെ പീഡിപ്പിച്ചതായി വ്യക്തമായി.
കഴിഞ്ഞ രണ്ട് വർഷമായി കുട്ടി പീഡനത്തിന് ഇരയായിക്കൊണ്ടിരിക്കുകയായിരുന്നു. കണ്ണൂർ, കോഴിക്കോട്, എറണാകുളം തുടങ്ങിയ വിവിധ ജില്ലകളിൽ കൊണ്ടുപോയും കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട്. കുട്ടിയുടെ മൊഴിയും മറ്റ് ശാസ്ത്രീയ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രതികളെ പൊലീസ് കണ്ടെത്തി അറസ്റ്റ് ചെയ്തത്.
ഈ സംഭവം സമൂഹത്തിൽ ഡേറ്റിങ് ആപ്പുകളുടെ ദുരുപയോഗത്തെക്കുറിച്ച് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നു. കെവൈസി (KYC) പോലുള്ള രേഖകൾ ആവശ്യമില്ലാത്ത ആപ്പുകളിൽ 18 വയസ്സായി എന്ന് സ്വയം സാക്ഷ്യപ്പെടുത്തിയാണ് കുട്ടി രജിസ്റ്റർ ചെയ്തതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഈ സാഹചര്യത്തിൽ ഡേറ്റിങ് ആപ്പുകൾ നിരീക്ഷിക്കുമെന്നും നിയമനടപടികൾ സ്വീകരിക്കുന്നത് പരിഗണിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഡോ. വിജയ് ഭാരത് റെഡ്ഡി അറിയിച്ചു.









