വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രിക് കഴകത്തെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി. ഇപിഎസ് വിജയ്‌യെ ഫോണില്‍ വിളിച്ച് ഒന്നിച്ചുനില്‍ക്കണമെന്ന് ആവശ്യപ്പെട്ടു. വിജയ് ഈ ആവശ്യം തള്ളിയിട്ടില്ല. അതിനിടെ കരൂര്‍ അപകടത്തില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ടിവികെ സുപ്രിംകോടതിയെ സമീപിച്ചു. (Edappadi K Palaniswami welcomes vijay’s TVK to NDA)
തിങ്കളാഴ്ച രാത്രിയാണ് എടപ്പാടി പളനിസ്വാമി വിജയ്‌യെ വിളിച്ചത്. അരമണിക്കൂര്‍ നീണ്ട ഫോണ്‍ സംഭാഷണത്തില്‍ ഡിഎംകെ അധികാരത്തില്‍ നിന്ന് താഴെയിറക്കുകയാണ് പ്രധാന ലക്ഷ്യമെന്നും ഇതിനുവേണ്ടി ഇരു പാര്‍ട്ടികളും ഒന്നിച്ചു നില്‍ക്കണമെന്നും ഇപിഎസ് വിജയ് യോട് ആവശ്യപ്പെട്ടു. സഖ്യസാധ്യത തള്ളാതിരുന്ന വിജയ് തന്റെ സംസ്ഥാന പര്യടനം കഴിഞ്ഞ് ജനുവരിയില്‍ അഭിപ്രായം പറയാമെന്നാണ് പ്രതികരിച്ചത്.
ഏതു വിധേനെയും വിജയ്‌യെ കൂടെ നിര്‍ത്തണമെന്ന് ബിജെപി ദേശീയ നേതൃത്വം ഇപിഎസിനെ അറിയിച്ചിരുന്നു. ഇതിനായി ബിജെപി എന്ത് വിട്ടുവീഴ്ചയും ചെയ്യും. കരൂര്‍ ദുരന്തത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിവികെ സുപ്രിംകോടതിയെ സമീപിച്ചിട്ടുണ്ട്. കേസ് വെള്ളിയാഴ്ച പരിഗണിക്കും. കരൂരിലേക്ക് പോകാന്‍ അനുമതി ആവശ്യപ്പെട്ട് വിജയ് ഡിജിപിക്ക് മെയില്‍ അയച്ചു. ടിവികെ സംസ്ഥാന നേതാക്കള്‍ ഇന്ന് ഡിജിപിയെ കാണും.









