താനും തന്റെ അച്ഛനപ്പൂപ്പന്മാരും അനുഭവിച്ച ജാതീയതയെ കുറിച്ച് സിനിമയെടുക്കുന്നത് തന്റെ സ്വതന്ത്രമാണെന്ന് തമിഴ് സംവിധായകൻ മാരി സെൽവരാജ്. ജാതീയതയെക്കുറിച്ച് മാത്രം സിനിമയെടുക്കുന്ന സംവിധായകൻ എന്നുള്ള പഴിയിൽ വിഷമാവില്ല, മറിച്ച് അഭിമാനം മാത്രമേയുള്ളൂവെന്നും അദ്ദേഹം തന്റെ പുതിയ ചിത്രമായ ബൈസൺ കാലമാടൻ എന്ന ചിത്രത്തിന്റെ പ്രമോഷണൽ പ്രസ് മീറ്റിൽ പറഞ്ഞു.
“ജാതി-പടം പിടുത്തക്കാരൻ എന്നൊരു സ്റ്റാമ്പ് എന്റെ മേൽ പലരും പതിപ്പിക്കുന്നുണ്ട്, അത് അങ്ങനെ തന്നെയിരുന്നോട്ടെ, ജാതിയാൽ എന്റെ അത്രയും ദ്രോഹങ്ങളും ഉപദ്രവങ്ങളും നേരിട്ട ഒരാൾ തമിഴ് സിനിമയിൽ തന്നെ ഉണ്ടോയെന്ന് എനിക്ക് അറിയില്ല. അതിൽ നിന്ന് അതിജീവിച്ച് ഇവിടം വരെ വന്നതിന്റെ വേദന എനിക്കെ അറിയൂ, അങ്ങനെ ഒരാളോട് അതൊക്കെ മറന്നു ആടൂ, പാടൂ എന്നൊക്കെ പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ടുണ്ട്” മാരി സെൽവരാജ് പറയുന്നു.
പരിയെറും പെരുമാൾ എന്ന ആദ്യ ചിത്രം കൊണ്ട് തെന്നിന്ത്യൻ സിനിമ സംവിധായകരിൽ ഏറെ ശ്രദ്ധ നേടിയ മാരി സെൽവരാജ് ഇപ്പോൾ തിയറ്ററുകളിലുള്ള ബൈസൺ കാലമാടൻ കൂടാതെ ധനുഷിനെ നായകനാക്കി കർണ്ണൻ, ഉദയനിധി, വടിവേലു, ഫഹദ് ഫാസിൽ എന്നിവരെ അണിനിരത്തി മാമന്നൻ, കുട്ടികളുടെ കഥ പറയുന്ന ‘വാഴെയ്’ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്.
വാഴെയ് എന്ന ചിത്രം പ്രമേയമാക്കിരിയിരിക്കുന്നത് മാരി സെൽവരാജിന്റെ സ്‌കൂൾ കാലഘട്ടവും, അദ്ദേഹത്തിന്റെ ഗ്രാമവാസികൾ നേരിട്ട അനീതിയും, സഹോദരിയുടെ മരണവുമൊക്കെയാണ്. കർണൻ, ബൈസൺ എന്നീ ചിത്രങ്ങൾ സംഭവ കഥകളെ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചത്. മാമന്നൻ തേവർ മകൻ എന്ന ചിത്രത്തിന്റെ പ്രമേയത്തിന്റെ പുനർവായനയായിരുന്നു. തന്റെ എല്ലാ ചിത്രങ്ങളിലും സ്വന്തം അനുഭവങ്ങൾ അടങ്ങിയിട്ടുണ്ടെനും മാരി സെൽവരാജ് പറയുന്നു.









