ചുരുളി സിനിമയിലെ തെറി ഡയലോഗിനെക്കുറിച്ചുള്ള പരാതിക്കും പണം നല്‍കിയില്ലെന്ന ആരോപണത്തിനും നടന്‍ ജോജു ജോര്‍ജിന് മറുപടിയുമായി സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ജോജുവിന് അഞ്ച് ലക്ഷത്തിലേറെ രൂപ നല്‍കിയതിന്റെ രേഖകളാണ് ലിജോ പുറത്തുവിട്ടിരിക്കുന്നത്. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും ചിത്രം ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. അവസരമുണ്ടായാല്‍ ചിത്രം എന്തായാലും തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കി. (Lijo jose pellissery replay to Joju george churuli movie)
ചിത്രത്തില്‍ താന്‍ തെറി പറയുന്ന പതിപ്പ് അവാര്‍ഡിന് മാത്രമേ അയയ്ക്കൂ എന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ജോജു ജോര്‍ജിന്റെ ഒരു ആരോപണം. സിനിമ ചിത്രീകരിക്കുന്ന സമയത്ത് തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ഭാഷയെക്കുറിച്ച് ‘തങ്കന്‍ ചേട്ടന്’ നന്നായി അറിയാമായിരുന്നുവെന്നും ലിജോ മറുപടി പറഞ്ഞു. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പണം ഇതുവരെ തനിക്ക് കിട്ടിയിട്ടില്ലെന്നും ജോജു ആരോപണം ഉന്നയിച്ചിരുന്നു. എന്നാല്‍ ജോജുവിന് 540000 രൂപ കൈമാറിയതിന്റെ ബാങ്ക് വിവരങ്ങളും ലിജോ പുറത്തുവിട്ടു.









