![](https://sakhionline.in/wp-content/uploads/2025/01/Virender-Sehwag-and-Aarti-Ahlawat.jpg)
യുസ് വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ദാമ്പത്യ ജീവിതവും വേര്‍പിരിയലിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗും ഭാര്യ ആരതി അഹ്ലാവത്തുമാണ് തങ്ങളുടെ 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് പിരിയാന്‍ ഒരുങ്ങുന്നതായി ഒരു ദേശീയമാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2004-ല്‍ മുന്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അടക്കം പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങിലായിരുന്നു സെവാഗും ആരതിയും വിവാഹിതരായത്. എന്നാല്‍ ദമ്പതികള്‍ വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്നാണ് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഇരുവരും വേര്‍പിരിഞ്ഞാണ് താമസിക്കുന്നതെന്നും ഇന്‍സ്റ്റാഗ്രാമില്‍ പരസ്പരം അണ്‍ഫോളോ ചെയ്തതുള്‍പ്പെടെയുള്ള സംഭവങ്ങള്‍ റിപ്പോര്‍ട്ടില്‍ വിവരിക്കുന്നു. ഇവരുടെ ബന്ധത്തില്‍ പിരിമുറുക്കം വര്‍ദ്ധിച്ചതായും വീരേന്ദര്‍ സെവാഗിന്റെ യാത്രകളില്‍ നിന്നും മറ്റും ആരതിയെ ഒഴിവാക്കുന്നതുമെല്ലാം ബന്ധം ഊഷ്മളമല്ലെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ഉടലെടുക്കാന്‍ കാരണമായതായി പറയുന്നു. 2007-ല്‍ ജനിച്ച ആര്യവീര്‍, 2010 ല്‍ ജനിച്ച വേദാന്ത് എന്നിങ്ങനെ ദമ്പതികള്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്.
മകനും അമ്മയും മാത്രം ഉള്‍പ്പെട്ട ദീപാവലി ആഘോഷങ്ങളുടെ ചിത്രങ്ങള്‍ സെവാഗ് പോസ്റ്റ് ചെയ്തതോടെ ഊഹാപോഹങ്ങള്‍ ശക്തമായത്. ഭാര്യ ആരതി ചിത്രത്തില്‍ ഇല്ലായിരുന്നു. രണ്ടാഴ്ച മുമ്പ് പാലക്കാട് വിശ്വ നാഗയക്ഷി ക്ഷേത്രം സന്ദര്‍ശിച്ചത് പോലും ആരതിയെക്കുറിച്ച് പരാമര്‍ശിക്കാതെ സേവാഗ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരുന്നു. അതേ സമയം വീരേന്ദ്ര സെവാഗ് ഇതുവരെ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രസ്താവന നടത്തിയിട്ടില്ല. ഹാര്‍ദിക് പാണ്ഡ്യ അടക്കമുള്ള കായിക താരങ്ങള്‍ വിവാഹമോചനം സംബന്ധിച്ച വിവരങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി ആരാധകരുമായി പങ്കുവെച്ചിരുന്നു.