ഗുജറാത്തിലെ അംറേലി ജില്ലയിൽ കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ പ്രായമുള്ളവരാണ് മരിച്ച കുട്ടികൾ. അംറേലി ജില്ലയിലെ രാന്ധിയ ഗ്രാമത്തിൽ ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്.
രാവിലെ 7.30ഓടെ ജോലിക്ക് പോയ മാതാപിതാക്കളും കാർ ഉടമയും വൈകുന്നേരം തിരിച്ചെത്തിയപ്പോൾ കാറിനുള്ളിൽ നാല് കുട്ടികളെ ചലനമറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ അപകട മരണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.
രാവിലെ 7.30ഓടെ മാതാപിതാക്കൾ ജോലിക്ക് പോയപ്പോൾ തങ്ങളുടെ ഏഴ് കുട്ടികൾ അവരുടെ താമസ സ്ഥലത്തായിരുന്നു ഉണ്ടായിരുന്നത്. കളിക്കുന്നതിനിടെ കുട്ടികളിൽ നാല് പേർ ഫാം ഉടമയുടെ കാറിൽ കയറി. വീടിന് സമീപത്ത് പാർക്ക് ചെയ്തിരിക്കുകയായിരുന്നു കാർ. വിശദമായ അന്വേഷണം നടത്തുകയാണെന്ന് അംറേലി പൊലീസ് പറഞ്ഞു.