കലൂർ സ്റ്റേഡിയത്തിൽ നടന്ന മെഗാ ഭരതനാട്യം നൃത്തപരിപാടിക്കിടെ ഉമ തോമസ് എംഎൽഎക്ക് ഗുരുതരമായി പരുക്കേറ്റ സംഭവത്തിൽ ഓസ്കാർ ഇവൻ്റ്സ് ഉടമ പി എസ് ജനീഷിന് ജാമ്യം.എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പൊലീസിന്റെ കസ്റ്റഡി അപേക്ഷ കോടതി തള്ളി.കേസിൽ മൃദംഗ വിഷൻ എം.ഡി നിഗോഷ് കുമാർ അടക്കമുള്ളവർക്ക് നേരത്തെ കോടതി ജാമ്യം അനുവദിച്ചിരുന്നു.
ജനീഷിനെ പാലാരിവട്ടം പൊലീസ് തൃശ്ശൂരിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.നേരത്തേ ജനീഷും പരിപാടിക്കു രൂപം നൽകിയ മൃദംഗവിഷൻ എംഡി എം.നിഗോഷ് കുമാറും മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കീഴടങ്ങാനായിരുന്നു നിർദേശം. തുടർന്ന് നിഗോഷ് കുമാർ കീഴടങ്ങിയെങ്കിലും മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നതിനാൽ ജനീഷ് കൂടുതൽ സമയം തേടിയിരുന്നു.
മെഗാ ഭരതനാട്യം തുടങ്ങുന്നതിനു മുൻപ് വൈകീട്ട് ആറരയോടെയാണ് അപകടം. കോൺക്രീറ്റ് സ്ലാബിലേക്ക് തലയടിച്ചാണ് എംഎൽഎ വീണത്. ഉടൻതന്നെ ആംബുലൻസിൽ പാലാരിവട്ടം റിനൈ മെഡിസിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിമാരടക്കമുള്ള വിശിഷ്ടാതിഥികൾ ഇരുന്ന വേദിക്ക് ഉറപ്പുള്ള ബാരിക്കേഡ് പോലും ഇല്ലായിരുന്നു. വേദിയിലെത്തി ഒരു കസേരയിലിരുന്ന ശേഷം പരിചയമുള്ള ഒരാളെ കണ്ട് എഴുന്നേറ്റ് കൈകാട്ടി മുന്നോട്ടു നടക്കുകയായിരുന്ന ഉമ തോമസ് വേദിയുടെ അരികിലെ താത്‌കാലിക റെയിലിലെ റിബ്ബണിൽ പിടിച്ചപ്പോൾ നിലതെറ്റി വീഴുകയായിരുന്നു.
അതേസമയം, ചികിത്സയിൽ കഴിയുന്ന ഉമ തോമസ് എംഎൽഎയുടെ ആരോഗ്യനിലയിൽ കാര്യമായ പുരോഗതി കണ്ടതിനെത്തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ നിന്നും മുറിയിലേക്ക് മാറ്റി. തലച്ചോറിന്റെയും ശ്വാസകോശത്തിന്റെയും ആരോഗ്യനിലയിൽ ഉണ്ടായ മികച്ച പുരോഗതിയെ തുടർന്നാണ് റൂമിലേക്ക് മാറ്റിയത്.ഉമ തോമസ് പരസഹായത്തോടെ നടന്നു തുടങ്ങി. അപകടനില തരണം ചെയ്തെങ്കിൽകൂടി അണുബാധ ഉണ്ടാകാതിരിക്കാനുള്ള മുൻകരുതലുകൾ ആവശ്യമായതിനാൽ സന്ദർശകരെ അനുവദിക്കില്ല.