കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പള്ളിക്കുന്നിലെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. നവീന്‍ ബാബുവിനെതിരെ ഇന്നലെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. നവീന്‍ ബാബുവിന് പത്തനംതിട്ടയിലേക്ക് ട്രാന്‍സ്ഫര്‍ കിട്ടിയപ്പോള്‍ സഹപ്രവര്‍ത്തകര്‍ സംഘടിപ്പിച്ച യാത്രയയപ്പിലാണ് പി പി ദിവ്യ നവീനെ വേദിയിലിരുത്തി അഴിമതി ആരോപണം ഉന്നയിച്ചത്. പി പി ദിവ്യയെ ചടങ്ങിലേക്ക് ക്ഷണിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം. (Kannur ADM naveen babu found dead)
ഒരു പെട്രോള്‍ പമ്പ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് നവീന്‍ ബാബു അഴിമതി നടത്തിയെന്ന് പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ഇന്നലെ പി പി ദിവ്യയുടെ വിമര്‍ശനം. നവീന്‍ ബാബുവിന്റേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവം ഞെട്ടിക്കുന്നതാണെന്നും വ്യക്തമായ തെളിവുകളില്ലാതെ പൊതുവേദിയില്‍ ആരോപണം ഉന്നയിച്ച പി പി ദിവ്യയ്ക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.
നവീന്‍ ബാബുവിന്റെ കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും അനുശോചനം അറിയിക്കുന്നുവെന്നും കണ്ണൂര്‍ സിപിഐഎം ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പ്രതികരിച്ചു. മറ്റ് കാര്യങ്ങളില്‍ പിന്നീട് പ്രതികരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥര്‍ മാത്രം പങ്കെടുത്ത യോഗത്തിലേക്ക് ക്ഷണിക്കാതെ പി പി ദിവ്യ എത്തിയത് കൃത്യമായി ഇക്കാര്യം പറയാന്‍ പദ്ധതി ഇട്ടുകൊണ്ട് തന്നെയാണെന്നും ആരോപണം ഉയരുന്നുണ്ട്.