കട്ടപ്പനയിൽ ആത്മഹത്യ ചെയ്ത സാബു തോമസിനെ നിക്ഷേപ തുക തിരികെ നൽകി റൂറൽ കോ ഓപ്പറേറ്റീവ് സൊസൈറ്റി. നിക്ഷേപത്തുക പലിശയും ചേർത്ത് 14,59,940 രൂപ കുടുംബത്തിന് കൈമാറി.സൊസൈറ്റി ജീവനക്കാരായ മൂന്നുപേർക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി എങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. സാബുവിനെ ഭീഷണിപ്പെടുത്തിയ വി ആർ സജിക്ക് എതിരെ കേസെടുക്കുന്നതിലും പൊലീസിന്റെ മെല്ലെ പോക്ക് തുടന്നു. ഇതിനിടെ ഇന്ന് പുലർച്ചെ സാബുവിന്റെ മാതാവ് ത്രേസ്യാമ്മ തോമസ് മരിച്ചു. വാർദ്ധക്യസഹജമായ രോഗങ്ങളെ തുടർന്ന് ഏറെ നാളായി കിടപ്പിലായിരുന്നു.
സാബുവിന്റെ മരണത്തില്‍ സിപിഐഎം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ബാങ്ക് ജീവനക്കാര്‍ക്കെതിരെയും ആത്മഹത്യ പ്രേരണ കുറ്റം ചുമത്തമെന്ന് ഭാര്യ മേരിക്കുട്ടി ആവശ്യപ്പെട്ടിരുന്നു. നിലവിലെ പൊലീസ് അന്വേഷണം തൃപ്തികരം അല്ലെങ്കില്‍ കുടുംബം ക്രൈംബ്രാഞ്ചിനെ സമീപിക്കും. സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം വി ആര്‍ സജിക്കെതിരെയും ആത്മഹത്യത്തെക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന മൂന്നുപേര്‍ക്കെതിരെയും സാബു തോമസിന്റെ കുടുംബം ആരോപണം കടുപ്പിച്ചിരുന്നു. ഒന്നരവര്‍ഷം സാബുവും താനും അനുഭവിക്കേണ്ടിവന്ന യാതനകള്‍ പോലീസിനോട് പറഞ്ഞുവെന്ന് മേരിക്കുട്ടി വ്യക്തമാക്കി. ആരോപണ വിധേയരായ ജീവനക്കാര്‍ക്കെതിരെ ബാങ്ക് ഭരണസമിതി അടിയന്തരമായി നടപടി സ്വീകരിക്കണമെന്നും ആവശ്യമുണ്ട്.
അതേസമയം, സാബു തോമസിനെതിരെ പൊതുവേദിയിൽ അധിക്ഷേപിച്ച് എംഎം മണി രംഗത്തുവന്നു. സാബുവിന് മാനസിക പ്രശ്നം ഉണ്ടോ എന്ന് പരിശോധിക്കണമെന്നായിരുന്നു അധിക്ഷേപം. സാബുവിന്റെ ആത്മഹത്യയിൽ പ്രതിക്കൂട്ടിലായ സിപിഐഎം, കട്ടപ്പനയിൽ നടത്തിയ നയ വിശദീകരണ യോഗത്തിലാണ് എംഎം മണിയുടെ അധിക്ഷേപം. സാബുവിന്റെ മരണത്തിൽ വി ആർ സജിക്കോ സിപിഐമ്മിനോ പങ്കില്ല. വയ്യാവേലികൾ സിപിഐഎമ്മിന്റെ തലയിൽ കെട്ടിവെക്കാൻ വരണ്ട. കോൺഗ്രസ് ഭരിച്ചു മുടിച്ച സൊസൈറ്റി നന്നാക്കാനുള്ള ശ്രമമാണ് സിപിഐഎം നടത്തിയിട്ടുള്ളത് എന്നും എംഎം മണി പറഞ്ഞു.
ഡിസംബര്‍ 20നാണ് കട്ടപ്പന മുളങ്ങാശേരില്‍ സാബു തോമസ് കട്ടപ്പന റൂറല്‍ ഡേവലപ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്ക് മുന്നില്‍ തൂങ്ങിമരിച്ചത്. ഭാര്യയുടെ ചികിത്സയ്ക്ക് പണം നല്‍കാത്ത ബാങ്ക് ജീവനക്കാരാണ് മരണത്തിന് പിന്നിലെന്ന് സൂചിപ്പിക്കുന്ന സാബുവിന്റെ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിരുന്നു. സംഭവത്തിൽ മൂന്ന് ബാങ്ക് ജീവനക്കാരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു.