ഒളിംപിക് ഗെയിംസിനെ പാരീസിൽ റെയിൽ ശൃംഖലക്കെതിരെ ഉണ്ടായ ആക്രമണത്തിൻ്റെ അന്വേഷണം പല തലത്തിൽ. റഷ്യയാണോ, പരിസ്ഥിതി തീവ്രവാദികളാണോ, ഇറാനാണോ ആക്രമണത്തിന് പിന്നിലെന്ന് ഇനിയും വ്യക്തമായിട്ടില്ല. മാസങ്ങൾക്ക് മുൻപേ ആക്രമണം നടക്കുമെന്ന സൂചനകളുണ്ടായിട്ടും തടയാൻ കഴിഞ്ഞില്ലെന്നത് ഫ്രാൻസിലെ രഹസ്യാന്വേഷണ വിഭാഗത്തിന് നാണക്കേടായി. ജൂലൈ 21 ന് രാത്രി റഷ്യൻ രഹസ്യാന്വേഷണ വിഭാഗവുമായി ബന്ധമുണ്ടെന്ന സംശയത്തിൽ ഒരു റഷ്യൻ ഷെഫിനെ അറസ്റ്റ് ചെയ്തെങ്കിലും ആക്രമണം തടയാൻ സാധിച്ചില്ല. ആക്രമണത്തിന് തീവ്ര ഇടത് നിലപാടുള്ള പരിസ്ഥിതി തീവ്രവാദികളോ റഷ്യയോ ആണെന്നാണ് ഫ്രാൻസിൻ്റെ സംശയം. എന്നാൽ ഇറാനാണ് ആക്രമണത്തിന് പിന്നിലെന്നാണ് ഇസ്രയേൽ ആരോപിക്കുന്നത്.
അതിവേഗ റെയിൽ ശൃംഖലയുടെ കേബിളുകൾ ആദ്യം തീയിട്ട് കരിച്ച ശേഷം മുറിച്ചുവെന്നാണ് ഫ്രാൻസിലെ ദേശീയ റെയിൽ കമ്പനി എസ്എൻസിഎഫ് അറിയിച്ചിരിക്കുന്നത്. പരമാവധി നാശമുണ്ടാക്കുകയായിരുന്നു അക്രമികളടെ ലക്ഷ്യമെന്നാണ് വിലയിരുത്തൽ. അതിൽ അവർ ജയിക്കുകയും ചെയ്തു. എട്ട് ലക്ഷത്തോളം യാത്രക്കാരെ ആക്രമണം ബാധിച്ചു. അക്രമികൾക്ക് റെയിൽ ശൃംഖലയെ കുറിച്ചും അതിൻ്റെ പ്രവർത്തനത്തെ കുറിച്ചും വ്യക്തമായ ധാരണ ഉണ്ടായിരുന്നുവെന്നാണ് നിഗമനം.’
ആക്രമണത്തിന് പിന്നിൽ ഇറാനെന്നാണ് ഇസ്രയേലിൻ്റെ വിദേശകാര്യ മന്ത്രി ഇസ്രയേൽ കാറ്റ്സ് പ്രതികരിച്ചത്. ഒരു തെളിവും മുന്നോട്ട് വെക്കാതെയാണ് ആരോപണം. ആക്രമണത്തിന് തൊട്ടു മുൻപത്തെ ദിവസം ഫ്രഞ്ച് വിദേശകാര്യ മന്ത്രിക്ക് ഇറാൻ ആക്രമണം നടത്തുമെന്നും ഇസ്രയേലിൽ നിന്നുള്ള അത്ലറ്റുകൾക്കും വിനോദസഞ്ചാരികൾക്കും സുരക്ഷയൊരുക്കണമെന്നും ഇദ്ദേഹം മുന്നറിയിപ്പും നൽകിയിരുന്നു.
എന്നാൽ ആക്രമണത്തിൻ്റെ സ്വഭാവം വെച്ച് ഫ്രാൻസിലെ ഏജൻസികൾ സംശയിക്കുന്നത് തീവ്ര ഇടത് നിലപാടുള്ള പരിസ്ഥിതി വാദികളെയാണ്. റഷ്യക്ക് മേലും സംശയമുണ്ട്. യുക്രൈൻ അനുകൂല നിലപാടുമായി മുന്നോട്ട് പോയ ഫ്രാൻസിലെ പ്രസിഡൻ്റ് ഇമ്മാനുവേൽ മക്രോണിനെതിരെ റഷ്യയ്ക്ക് കടുത്ത വിരോധമുള്ളതാണ് കാരണമായി പറുന്നത്. ജൂണിൽ അഞ്ച് മിറാഷ് 2000 പോർവിമാനങ്ങൾ യുക്രൈന് നൽകാൻ ഫ്രാൻസ് തീരുമാനിച്ചിരുന്നു. പിന്നീട് ഫ്രാൻസിനെയും യൂറോപ്പിനെയും ഞെട്ടിക്കുന്ന നീക്കമാണ് റഷ്യയുടേതെന്ന് സംശയിക്കുന്ന നീക്കത്തിലുണ്ടായത്. യുക്രൈനിലെ ഫ്രഞ്ച് സൈനികർ എന്ന് എഴുതിയ ഒരു ശവപ്പെട്ടി ഫ്രാൻസിൻ്റെ ദേശീയ പതാകയിൽ പൊതിഞ്ഞാണ് പാരീസിലെ പ്രശസ്തമായ ഈഫൽ ടവറിന് മുന്നിൽ ഉപേക്ഷിച്ചത്. റഷ്യയാണ് നീക്കത്തിന് പിന്നിലെന്ന് രഹസ്യാന്വേഷണ വിഭാഗം സംശയിക്കുന്നുണ്ടെങ്കിലും ആരെയും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.