കാനഡയിൽ ഒറ്റ മാസത്തിനിടെ സൗജന്യ ഭക്ഷണം നൽകുന്ന ഫുഡ് ബാങ്കിൽ എത്തിയത് 20 ലക്ഷത്തോളം പേരെന്ന് കണക്ക്. ഫുഡ് ബാങ്ക്സ് കാനഡ ഹങ്കർ കൗണ്ട് 2024 റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. 2023 നെ അപേക്ഷിച്ച് ആറ് ശതമാനവും 2019 നെ അപേക്ഷിച്ച് 90 ശതമാനവും അധികമാണ് ഈ കണക്ക്. ഇതോടെ ഫുഡ‍് ബാങ്കുകൾ ഇല്ലാതാകുമെന്ന ഭീതിയും ഉയർന്നിട്ടുണ്ട്.
രാജ്യത്തെ വിലക്കയറ്റവും താമസ സ്ഥലങ്ങളുടെ ലഭ്യതക്കുറവുമാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ കൂടുതൽ വഷളാക്കിയത്. രാജ്യത്ത് പുതുതായെത്തുന്നവരാണ് ഫുഡ് ബാങ്കിനെ ആശ്രയിക്കുന്നവരിൽ ഏറെയും. ഫുഡ് ബാങ്കിൽ ഭക്ഷണം തേടിയെത്തിയ 32 ശതമാനം പേർ കഴിഞ്ഞ 10 വർഷത്തിനിടെ ഇവിടെയെത്തിയവരാണ്. ഇതിലേറെയും ഇന്ത്യാക്കാരാണ്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് കാനഡയിലേക്കുള്ള കുടിയേറ്റക്കാരുടെ എണ്ണം 326 ശതമാനമായി ഉയർന്നിരുന്നു. കാനഡയിലെ കോളേജുകളിൽ അഡ്മിഷനെടുത്ത ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണം 5800 ശതമാനമായി വളർന്നു. കാനഡയിലെത്തുന്നവർക്ക് താമസ സ്ഥലം ലഭ്യമാകാതെ വരുമ്പോഴാണ് അവർ പ്രധാനമായും ഫുഡ് ബാങ്കുകളെ ആശ്രയിക്കുന്നത്.
കാനഡയിൽ താമസിക്കാൻ ഇടം കിട്ടാത്ത സ്ഥിതിയുണ്ട്. താമസ സ്ഥലത്തിൻ്റെ വിലയിൽ 2000 നും 2021 നും ഇടയിൽ 355 ശതമാനമാണ് വളർച്ചയുണ്ടായത്. ഇതോടൊപ്പം രാജ്യത്ത് തൊഴിലില്ലായ്മയും രൂക്ഷമാണ്.