തെന്നിന്ത്യൻ സംഗീത പ്രേമികളുടെ ഇഷ്ട സംഗീത സംവിധായകനും ഗായകനുമായ സന്തോഷ് നാരായണന്റെ ആദ്യ അന്താരാഷ്ട്ര കൊളാബറേഷനൊരുങ്ങുന്നു. വിഖ്യാത ഇംഗ്ലീഷ് സംഗീതജ്ഞനും ഗാന രചയിതാവുമായ എഡ് ഷീറാനുമായാണ് സന എന്ന സന്തോഷ് നാരായണൻ ഒന്നിക്കുന്നത്.
എഡ് ഷീറാനെ കൂടാതെ ബിഗ് ഡൗഗ്സ്, റൺ ഇറ്റ് അപ്പ് തുടങ്ങിയ ഗാനങ്ങളിലൂടെ ആഗോള പ്രസിദ്ധി കൈവരിച്ച മലയാളിയുടെ സ്വന്തം ഹനുമാൻ കൈൻഡ്, ഗായിക ദീ എന്നിവരുടെ ഒപ്പം സന്തോഷ് നാരായണും ഗാനത്തിൽ പങ്കുചേരും. ആൽബം നിർമ്മിക്കുന്നതും സന്തോഷ് നാരായണൻ തന്നെയാണ് എന്നും ഗാനം ഒരുക്കാനായതിൽ അഭിമാനമെന്നും അദ്ദേഹം എക്‌സിൽ കുറിച്ചു.
എഡ് ഷീറാൻ ഇതിനുമുൻപ് ഒരു ഇന്ത്യൻ ആർട്ടിസ്റ്റുമായി കൊളാബറേറ്റ് ചെയ്തത് സഫയർ എന്ന ആൽബത്തിനായി അറിജിത് സിങ്ങുമായി ഒന്നിച്ചപ്പോഴാണ്. കൽക്കി എന്ന നാഗ് അശ്വിൻ ചിത്രത്തിലൂടെയും, സൽമാൻ ഖാന്റെ സിഖന്തറിലൂടെയും സൗത്ത് ഇന്ത്യയ്ക്ക് പുറത്തേയ്ക്കും സന്തോഷ് നാരായണൻ ഇതിനകം ശ്രദ്ധ നേടിയിട്ടുണ്ട്.
ഹനുമാൻ കൈൻഡ് ഇതിനകം വിജയ്‌യുടെ ജനനായകനിൽ അനിരുദ്ധ് രവിചന്ദറിന്റെ സംഗീതത്തിൽ ഒരു ഗാനം ആലപിച്ചിട്ടുണ്ട്. എൻജോയ് എഞ്ചമി എന്ന ഗാനത്തിലൂടെ ‘ദീ’യും രാജ്യമൊട്ടാകെ ശ്രദ്ധ നേടിയിട്ടുണ്ട്. ദീയുടെ രണ്ടാനച്ഛൻ കൂടിയാണ് സന്തോഷ് നാരായണൻ. 4 പേരുടെയും ഒത്തുചേരൽ ഇന്ത്യൻ സംഗീത രംഗത്ത് തന്നെ തരംഗമാകുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്.









