എംഎൽഎ വികസന ഫണ്ടിലെ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാനായി 133 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. എംഎൽഎ ആസ്‌തി വികസന ഫണ്ടിൽ(എംഎൽഎഎഡിഎഫ്)നിന്ന് 98 കോടി രൂപയും, എംഎൽഎ പ്രത്യേക വികസന ഫണ്ടിൽ(എംഎൽഎഎസ്‌ഡിഎഫ്)നിന്ന് 35 കോടി രൂപയുമാണ് അനുവദിച്ചത്. പൂർത്തിയാക്കിയ പ്രവൃത്തികളുടെ ബില്ലുകൾ മാറി നൽകാൻ തുക വിനിയോഗിക്കുമെന്നും ധനമന്ത്രി അറിയിച്ചു.
അതേസമയം സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഈ മാസത്തെ പെൻഷൻ അനുവദിച്ചു. 62 ലക്ഷത്തോളം പേർക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. ഈ ആഴ്‌ചയിൽതന്നെ തുക പെൻഷൻകാരുടെ കൈകളിൽ എത്തുമെന്ന് ധനകാര്യമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.