ഇൻസ്റ്റാഗ്രാം ഇൻഫ്ലുവെൻസറിന്റെ പോസ്റ്റ് തന്റെ ഔദ്യോഗിക ഹാൻഡിലിൽ റീപോസ്റ്റ് ചെയ്തതോടെ സോഷ്യൽ മീഡിയയുടെ ട്രോളേറ്റു വാങ്ങി തമിഴ്നാട് ഉപമുഖ്യമന്ത്രിയും ഉദയനിധി സ്റ്റാലിൻ. റീപ്പോസ്റ്റ് ചെയ്തതോടെ ഉദയനിധിയുടെ ഫോളോവേഴ്സ് അത് സ്ക്രീൻഷോട്ട് എടുത്ത് ട്വിറ്റർ, ഇൻസ്റ്റാഗ്രാം, റെഡിറ്റ് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വ്യാപകമായി പ്രചരിപ്പിച്ചു.
നിവാഷിയിനി കൃഷ്ണൻ എന്ന ഇൻഫ്ലുവെൻസറിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റായിരുന്നു ഉദയനിധി റീപോസ്റ്റ് ചെയ്തത്. വാർത്ത തെറ്റാണെന്ന് പറഞ്ഞുകൊണ്ട് ആദ്യം ഡിഎംകെ പ്രവർത്തകരുടെ പോസ്റ്റുകൾ ട്വിറ്ററിൽ നിറഞ്ഞു എങ്കിലും, വിഷയം തമിഴ് മാധ്യമങ്ങളും ഏറ്റെടുത്തതോടെ ഉദയനിധി സ്റ്റാലിന്റെ കൈ തട്ട് റീപോസ്റ്റ് ആയതാണ് എന്ന് പലരും തിരുത്തിയിരുന്നു.
ഇൻഫ്ലുവെൻസർ നിവാഷിയിനി കൃഷ്ണന്റെ പ്രൊഫൈലിലെ പോസ്റ്റുകളുടെ കമന്റ് ബോക്സുകളിൽ ഉപമുഖ്യമന്ത്രിയെ വിമർശിച്ചും കളിയാക്കിയും നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്. ഉദയനിധി സ്റ്റാലിൻ പാർട്ടി വേഷത്തിൽ നിൽക്കുന്ന ജിഫ് (gif) ചിത്രങ്ങളും നിരവധിയാണെന്നതും ശ്രദ്ധേയമാണ്.
നിലവിൽ ഉദയനിധി റീപോസ്റ്റ് പിൻവലിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ വിഷയത്തെ സംബന്ധിച്ച് അദ്ദേഹത്തിന്റെ പക്കൽ നിന്നും വിശദീകരണമൊന്നും വന്നിട്ടില്ല. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മകനും നടനും കൂടിയായ ഉദയനിധി സ്റ്റാലിന്റേതായി അവസാനം തിയറ്ററുകളിലെത്തിയ ചിത്രം ഫഹദ് ഫാസിലും ഒരു ശ്രദ്ധേയ വേഷം ചെയ്ത മാരി സെൽവരാജിന്റെ മാമന്നനാണ്.









