ആരാധകർക്കൊപ്പം പുഷ്പ 2 കണ്ട് അല്ലു അർജുൻ. ഹൈദരാബാദിലെ സന്ധ്യ തിയറ്ററിലാണ് ആരാധകർക്കായി ഒരുക്കിയ പ്രത്യേക ബെനിഫിറ്റ് ഷോ കാണാൻ അല്ലു അർജുൻ എത്തിയത് . തിയേറ്ററിനുള്ളിലെ ആരാധകരുടെ കരഘോഷം കണ്ട് വികാരാധീനനായ അല്ലു അർജുന്റെ ദൃശ്യങ്ങളും പുറത്ത് വന്നു.
ആരാധകർക്ക് നന്ദി പറഞ്ഞ് കൈവീശി കാണിക്കുന്ന അല്ലുവിനെ ദൃശ്യങ്ങളിൽ കാണാം. ലോകമെമ്പാടും 12,500 സ്‌ക്രീനുകളിലാണ് പുഷ്പ 2 റിലീസ് ചെയ്തത്. ടിക്കറ്റ് നിരക്ക് കൂട്ടിയിരുന്നുവെങ്കിലും പലയിടത്തും പ്രേക്ഷകർ തിക്കി തിരക്കിയതോടെ ടിക്കറ്റ് കിട്ടാത്ത അവസ്ഥയാണ്. റിലീസിന് മുൻപേ തന്നെ നിരവധി റെക്കോർഡുകളാണ് പുഷ്പ 2 തകർത്തത്. പ്രീ-റിലീസിലും പ്രീ-ബുക്കിംഗിലും പുതിയ റെക്കോർഡുകൾ സൃഷ്ടിച്ചു. ആറ് ഭാഷകളിലായി 12,000 തിയറ്ററുകളിൽ റിലീസ് ചെയ്ത ഒരേയൊരു തെലുങ്ക് ചിത്രമാണിത്.
അതേസമയം പുഷ്പ 2 റിലീസിനിടെ സ്‌ക്രീനിന് അരികിലെത്തി തീപ്പന്തം കത്തിച്ച നാല് പേർ പിടിയിൽ. ബംഗളൂരുവിലെ ഉർവശി തീയേറ്ററിൽ ഇന്നലെ രാത്രി ഷോയ്ക്കിടെയാണ് സംഭവം. സ്ക്രീനിൽ പുശ്ഷപയായുള്ള അല്ലുവിന്റെ വരവ് കണ്ട് ആവേശം കൂടിയ ആരാധകർ സ്ക്രീനിന് മുന്നിലേക്ക് കയ്യിൽ കരുതിയ തീപ്പന്തം കത്തിച്ചുകൊണ്ട് എത്തുകയായിരുന്നു. തീയേറ്ററിൽ ഉണ്ടായിരുന്ന മറ്റ് ആളുകളുടെ സമയോചിതമായ ഇടപെടൽ കൊണ്ട് വലിയ അപകടം ഉണ്ടായില്ല. സംഭവത്തിൽ 4 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
പുഷ്പ 2 -ന്റെ പ്രീമിയർ ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരു സ്ത്രീ മരിച്ചു. ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലാണ് സംഭവം. ഹൈദരാബാദ് ദിൽഷുക്നഗർ സ്വദേശിനി രേവതി (39) യാണ് മരിച്ചത്. ഭർത്താവ് ഭാസ്കറിനും മക്കൾക്കും ഒപ്പം പുഷ്പയുടെ പ്രീമിയർ ഷോ കാണാൻ എത്തിയതായിരുന്നു മരിച്ച യുവതി.