ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം നടത്താൻ അനുവദിക്കില്ലെന്ന് ഹിന്ദു മഹാസഭ. ഒക്ടോബർ ആറിന് മധ്യപ്രദേശിലെ ഗ്വാളിയോറിലാണ് ഇന്ത്യ- ബംഗ്ലാദേശ് ടി20 മത്സരം നിശ്ചയിച്ചിരിക്കുന്നത്. അന്നേ ദിവസം ഹിന്ദു മഹാസഭ ഗ്വാളിയോറിൽ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ക്കെതിരായ അതിക്രമങ്ങളില്‍ പ്രതിഷേധിച്ചാണ് തീരുമാനമെന്ന് സംഘടന അറിയിച്ചു.
ബംഗ്ലാദേശില്‍ ഹിന്ദുക്കള്‍ പീഡിപ്പിക്കപ്പെടുകയാണെന്നും ക്ഷേത്രങ്ങള്‍ നശിപ്പിക്കപ്പെട്ടുവെന്നും ഹിന്ദു മഹാസഭയുടെ ദേശീയ വൈസ് പ്രസിഡന്റ് ജയ്വീര്‍ ഭരദ്വാജ് ആരോപിച്ചു. മത്സരം നടത്താന്‍ അനുവദിക്കില്ലെന്നും ബംഗ്ലാദേശ് ടീം ഗ്വാളിയറില്‍ കളിക്കാന്‍ വരുമ്പോള്‍ പ്രതിഷേധിക്കുമെന്നും ജയ്‌വീര്‍ ഭരദ്വാജ് പറഞ്ഞു.
30,000 പേർക്ക് മത്സരം കാണാൻ സാധിക്കുന്ന ഗ്വാളിയോറിലെ മാധവറാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ഇന്ത്യ-ബംഗ്ലാദേശ് ടി20 മത്സരം. 14 വർഷത്തിന് ശേഷമാണ് ഗ്വാളിയോറില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നത്.
ക്രമസമാധാനപാലനം ഉറപ്പാക്കാന്‍ എല്ലാ സുരക്ഷാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് ഗ്വാളിയോര്‍ ജില്ലാ പൊലീസ് ഉറപ്പു നല്‍കി. ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് പരമ്പര നടക്കുന്നതിനെതിരെയും വിവിധ ഹിന്ദു സംഘടനകൾ പ്രതിഷേധം അറിയിച്ചിരുന്നു. ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം നടന്ന ചെന്നൈ ചെപ്പോക്ക് സ്റ്റേഡിയത്തിന് പുറത്ത് ഹിന്ദു സംഘടനകളുടെ പ്രതിഷേധം ഉണ്ടായിരുന്നു.