
ലൂസിഫർ പോലെ തന്നെ ഈ പരമ്പരയിൽ വരാനിരിക്കുന്ന രണ്ട് ചിത്രങ്ങളും അനാമോർഫിക്ക് ഫോർമാറ്റിൽ ആവും ചിത്രീകരിക്കുക എന്ന് പൃഥ്വിരാജ് സുകുമാരൻ. X ൽ, എമ്പുരാൻ IMAX , EPIQ ഫോർമാറ്റുകളിൽ റിലീസ് ചെയ്യാനായി പരന്ന റേഷിയോയിൽ (വീക്ഷണാനുപാതം/സ്‌ക്രീനിന്റെ വിസ്തീർണം) ആണോ ഷൂട്ട് ചെയ്തിരിക്കുന്നത് എന്ന ആരാധകന്റെ ചോദ്യത്തിന്, എമ്പുരാൻ ഫുൾ ഫോർമാറ്റ് ലെൻസിൽ അല്ല ചിത്രീകരിച്ചിരിക്കുന്നത് എന്നും, ലൂസിഫർ ചിത്രീകരിച്ച 1:2.8 റേഷിയോയിൽ അനമോർഫിക്ക് ലെൻസിൽ തന്നെ മൂന്നു ചിത്രങ്ങളും പൂർത്തിയാക്കാനാണ് തീരുമാനം എന്നും പൃഥ്വിരാജ് മറുപടി നൽകി.
ഛായാഗ്രഹണത്തിലെ തിരശ്ചീനമായ വ്യൂഫീൽഡ് ഒരു സ്റ്റാൻഡേർഡ് ഫിലിമിലേക്കോ സെൻസർ വലുപ്പത്തിലേക്കോ ചുരുക്കി നീണ്ടു
വിശാലമായ സ്‌ക്രീനിന്റെ പ്രതീതി പ്രേക്ഷകന് നൽകാനായി ഉപയോഗിക്കുന്ന ലെൻസാണ് അനാമോർഫിക്ക് ലെൻസ്. സാധാരണ ലെൻസിൽ പകർത്താവുന്നതിനേക്കാൾ കൂടുതൽ ഏരിയ ഇതിൽ പകർത്താനാവും. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്റെ സമയം ഈ ദൃശ്യത്തെ ഡി-സ്ക്വീസ് ചെയ്ത് യഥാർത്ഥ വലുപ്പം പുനർസ്ഥാപിക്കുകയും ചെയ്യാം.
തിരശ്ചീന ലെൻസ് ഫ്ളെയറുകൾ ഉണ്ടാക്കാനുള്ള സൗകര്യം, കൂടുതൽ കാര്യക്ഷമമായ സെൻസർ, ക്ലാസിക് സിനിമാറ്റിക് ലുക്ക്, റെസല്യുഷൻ നഷ്ടപ്പെടാതെ തന്നെ 2.35:1, 2.39:1 എന്നീ റേഷിയോകൾ പകർത്താനുള്ള കഴിവ് എന്നിവ അനമോർഫിക്കിന്റെ സവിശേഷതകളാണ്. ഹോളിവുഡിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളിൽ വ്യാപകമായി ഉപയോഗിക്കുന്ന ഈ ലെൻസിന് മലയാളത്തിൽ വലിയ പ്രചാരം ലഭിച്ചത് ലൂസിഫറിൽ ആണ്. അതിനുശേഷം ക്രിസ്റ്റഫർ, ആനന്ദ് ശ്രീബാല, ഇലവീഴാ പൂഞ്ചിറ, തുടങ്ങിയ ചിത്രങ്ങളിൽ അനാമോർഫിക്ക് ലെൻസ് ഉപയോഗിച്ചിട്ടുണ്ട്.