ആലപ്പുഴ: ജി സുധാകരന് ജീര്‍ണ്ണിച്ച നേതാവെന്ന് ആലപ്പുഴ വിശാല ജില്ലാ സമിതി യോഗത്തില്‍ പിണറായി വിജയന്. സുധാകരനെ കുറിച്ച് സംസാരിച്ച് കൂടുതല്‍ അവസരവും മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്ഥാനവും നല്‍കേണ്ടെന്നും വ്യക്തമാക്കിയിട്ടുണ്ട്. സുധാകരന്റേത് പൂര്‍ണ്ണമായും അവസാനിപ്പിച്ച വിഷയമെന്നും ചൂണ്ടിക്കാട്ടി.
തിരുത്തല്‍ രേഖ അടങ്ങിയ മാര്‍ഗരേഖ പിണറായി വിജയന് അവതരിപ്പിച്ചു. എം വി ഗോവിന്ദനെതിരായ ശാസന കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്തു. ആലപ്പുഴയില്‍ പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര വീഴ്ചയുണ്ടായെന്നും പരാമര്‍ശമുണ്ട്. സാമുദായിക സംഘടനകളോട് പാര്‍ട്ടി അകന്നു.
എസ്എന്‍ഡിപി, കെപിഎംഎസ് സംഘടനകളുടെ പേരെടുത്ത് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. ഇരു വിഭാഗങ്ങള്‍ക്കും ശക്തമായ സ്വാധീനമുള്ള ജില്ലയായിട്ടും വേണ്ട രീതിയില്‍ പരിഗണിച്ചില്ല. അമ്പലപ്പുഴ തോല്‍വി ഗൗരവതരമെന്നും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആലപ്പുഴ, കുട്ടനാട്, കായംകുളം ഏരിയ കമ്മറ്റികളിലെ വിഭാഗീയത പരിഹരിക്കാനും നിര്‍ദേശിച്ചു.
റിപ്പോർട്ടിൽ എസ്എൻഡിപി യോഗത്തെ ഒപ്പം നിർത്തണമെന്ന് പറയുമ്പോഴും വെള്ളാപ്പള്ളി നടേശന്റെ പേരെടുത്ത് പരാമർശമില്ല. സഹകരണ ബാങ്കുകളിലെ മോശം പ്രവണതകൾ ആലപ്പുഴയിലുമുണ്ട്. ഇത് സാധാരണക്കാരായ ജനങ്ങളെ പാർട്ടിയിൽ നിന്ന് അകറ്റുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു. ജില്ലാ സെക്രട്ടറി ആർ നാസർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. റിപ്പോർട്ടിന്മേലുള്ള ചർച്ച നാളെയും തുടരും.






