കൊച്ചി: കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്ത കേസില്‍ ഗൂഗിളിന് കത്ത് നല്‍കി പൊലീസ്. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടിയാണ് കത്ത് അയച്ചിരിക്കുന്നത്.പത്തോളം കെഎംആര്‍എല്‍ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. ( Kochi Metro website hacking case: Police send letter to Google)
രണ്ടാഴ്ച മുന്‍പാണ് കൊച്ചി മെട്രോയുടെ എക്‌സ്റ്റന്‍ഷന്‍ ബ്ലൂ പ്രിന്റ് അടക്കം ചില വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രത്യക്ഷപ്പെട്ടത്. ആരോ ഹാക്ക് ചെയ്ത് പ്രചരിപ്പിച്ചുവെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഐടി വിഭാഗത്തിന്റെ ഔദ്യോഗിക മെയില്‍ ഐഡി ഉപയോഗിച്ചാണ് ഹാക്ക് ചെയ്തത്. അതിനാല്‍ തന്നെ പിന്നില്‍ ഉദ്യോഗസ്ഥരില്‍ ചിലരെന്ന സംശയവും പോലീസിനുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തത്.
രേഖകള്‍ പ്രചരിപ്പിച്ച വാട്ട്‌സ്ആപ്പ് കേന്ദ്രീകരിച്ചും കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാണ്. കെഎംആര്‍എല്‍ ഡയറക്ടറുടെ പരാതിയിലാണ് പോലീസ് കേസെടുത്തിരുന്നത്. അതീവ രഹസ്യ സ്വഭാവമുള്ള രേഖകള്‍ പുറത്ത് പോയിട്ടില്ലെന്നാണ് കെഎംആര്‍എല്ലിന്റെ വിശദീകരണം.






