പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വസതിയിലെ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍, ഗൂഢാലോചനയ്ക്ക് തെളിവില്ലെന്ന നിഗമനത്തില്‍ പൊലീസ്. പ്രതികളുടെ ഫോണ്‍ പരിശോധന പൂര്‍ത്തിയായി. പ്രതിഷേധത്തിന് എത്താനുള്ള ഫോണ്‍വിളികള്‍ മാത്രമാണ് പ്രതികള്‍ നടത്തിയത് എന്നാണ് കണ്ടെത്തല്‍.
ഫോണുകളുടെ സൈബര്‍ ഫോറന്‍സിക് പരിശോധന നടത്തും. കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. 20 ലേറെ പേര്‍ ഇനിയും പിടിയിലാകാനുണ്ടെന്നും പൊലീസ് അറിയിച്ചു.
അതേസമയം, കേസിലെ പ്രതിക്ക് ജാമ്യം ലഭിച്ച വീഴ്ചയില്‍ പ്രോസിക്യൂട്ടറേ മാറ്റിയേക്കും. പൊലീസ് റിപ്പോര്‍ട്ട് ഉള്‍പ്പടെ മറി കടന്നു പ്രതിയേ കസ്റ്റഡിയില്‍ വേണ്ടെന്ന നിലപാട് എടുത്തതില്‍ കടുത്ത അതൃപ്തിയിലാണ് പൊലീസ്. സംഭവത്തില്‍, ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ പരിശോധന ആരംഭിച്ചിട്ടുണ്ട്. സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു.
കേസില്‍ കഴിഞ്ഞ ദിവസമാണ് പ്രതികളില്‍ ഒരാള്‍ക്ക് ജാമ്യം ലഭിച്ചത്. ഒന്‍പതാം പ്രതിയായ ഹരീഷ് കുമാറിനായിരുന്നു കോടതി ജാമ്യം അനുവദിച്ചത്.
പ്രതിയെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യേണ്ടതില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കോടതി ജാമ്യ ഹര്‍ജി അംഗീകരിച്ചത്. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കേസില്‍ കക്ഷി ചേര്‍ന്നത്. പ്രതിക്ക് ജാമ്യം ലഭിച്ചതില്‍ പ്രോസിക്യൂഷന്‍ വീഴ്ച ചൂണ്ടിക്കാട്ടി പൊലീസ് അപ്പോള്‍ തന്നെ രംഗത്തെത്തിയിരുന്നു. പൊലീസ് റിപ്പോര്‍ട്ട് അവഗണിച്ച് പ്രോസിക്യൂട്ടര്‍ പ്രതിയുമായി ഒത്തുകളിച്ചെന്നാണ് പൊലീസിന്റെ പരാതി.







