നടി ആക്രമിക്കപ്പെട്ട കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സിനിമാ സംഘടനകള്‍ക്കുള്ളില്‍ അഭിപ്രായ ഭിന്നത തുടരുന്നു. ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ സംഘടന കാണിക്കുന്ന അമിതാവേശം കണ്ട് പുച്ഛം തോന്നുന്നുവെന്ന് ചൂണ്ടിക്കാട്ടി ചലച്ചിത്ര പ്രവര്‍ത്തക ഭാഗ്യലക്ഷ്മി ഇന്നലെ ഫെഫ്കയില്‍ നിന്ന് രാജിവച്ചിരുന്നു. സിനിമാ സംഘടനകളില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ ഒരു വിഭാഗം എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്. (conflit in cinema associations about reinstate dileep)
സിനിമാ താരങ്ങളുടേയും നിര്‍മാതാക്കളുടേയും മറ്റും സംഘടനകളില്‍ വളരെ സ്വാധീനമുള്ള അംഗമായിരുന്നു ദിലീപ്. നടിയെ ആക്രമിച്ച കേസില്‍ ദിലീപ് പ്രതിയായ പശ്ചാത്തലത്തില്‍ പുറത്തുനിന്നുള്‍പ്പെടെ ശക്തമായ സമ്മര്‍ദമുണ്ടായ ഘട്ടത്തിലാണ് ദിലീപിനെ നീക്കം ചെയ്തിരുന്നത്. വിധിക്കെതിരെ പ്രോസിക്യൂഷന്‍ മേല്‍ക്കോടതിയെ സമീപിക്കാനിരിക്കെ തിടിക്കപ്പെട്ട് ദിലീപിനെ തിരിച്ചെടുക്കുന്നതിനാണ് ഒരു വിഭാഗത്തിന് അതൃപ്തി.
ബി ഉണ്ണികൃഷ്ണനെതിരെ ഉള്‍പ്പെടെ പരസ്യമായി പ്രതികരിച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലടെ പരസ്യമായാണ് ഭാഗ്യലക്ഷ്മി രാജിപ്രഖ്യാപിച്ചത്. പ്രതിയുടെ പണമാണ് അയാളെ രക്ഷിച്ചതെന്ന ബോധ്യം പൊതുസമൂഹത്തിനുള്ളപ്പോള്‍ അയാള്‍ കൂടി ഭാഗമാകുന്ന സംഘടനയില്‍ തുടരുന്നത് തന്നോട് തന്നെ ചെയ്യുന്ന തെറ്റാണെന്ന ബോധ്യത്തിലാണ് രാജി എന്നായിരുന്നു ഭാഗ്യലക്ഷ്മിയുടെ പ്രതികരണം. ഇരയ്‌ക്കൊപ്പവും വേട്ടക്കാരനൊപ്പവും ഒരുമിച്ച് ഒരു സംഘടനയ്ക്കും നില്‍ക്കാനാകില്ലെന്നും ഭാഗ്യലക്ഷ്മി കുറ്റപ്പെടുത്തിയിരുന്നു.







