തൃശൂർ ചൊവ്വന്നൂർ പഞ്ചായത്തിൽ കോൺഗ്രസ്-എസ്ഡിപിഐയുമായി സഖ്യം ഉണ്ടാക്കിയ സംഭവത്തിൽ ആരോപണങ്ങൾ തള്ളി പാർട്ടി നടപടി നേരിട്ട ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വർഗീസ് ചൊവ്വന്നൂർ. തിരഞ്ഞെടുപ്പിലോ, സ്ഥാനാർത്ഥി നിർണ്ണയത്തിലോ, ഒരു ഘട്ടത്തിലും തന്നെ പാർട്ടി പങ്കെടുപ്പിച്ചിട്ടില്ലെന്നും കോൺഗ്രസ് പുറത്താക്കിയ വർഗീസ് ചൊവ്വന്നൂർ പറഞ്ഞു. തന്നെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്ന് വർഗീസ് ചൊവ്വന്നൂർ പറഞ്ഞു.
രു വിശദീകരണം പോലും ചോദിക്കാതെയാണ് പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയെന്ന് വർഗീസ് ചൊവ്വന്നൂർ വിമർശിച്ചു. എന്നും ഒരു പൊതുപ്രവർത്തകനായി തുടരും. അതിനു മറ്റൊരു പാർട്ടിയിലേക്ക് പോകേണ്ടതില്ല. ഡിസിസി സെക്രട്ടറിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് ചൊവ്വന്നൂരിൽ കാര്യങ്ങൾ നിശ്ചയിച്ചത്. ആ യോഗത്തിൽ എസ്ഡിപിഐയുമായുള്ള സഖ്യം ചർച്ച ചെയ്തോ എന്ന് അറിയില്ലെന്ന് വർഗീസ് ചൊവ്വന്നൂർ വിശദീകരിച്ചു.
ഏറെ വിവാദമായ എസ്ഡിപിഐ പിന്തുണയ്ക്ക് പിന്നാലെ കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റിനെ കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പിന്നാലെ വൈസ് പ്രസിഡന്റായ സബേറ്റ വര്‍ഗീസിനെയും കോണ്‍ഗ്രസ് പുറത്താക്കിയിരുന്നു. പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ എം നിധീഷിനെ പ്രാഥമികാംഗത്വത്തില്‍ നിന്നാണ് കോൺഗ്രസ് പുറത്താക്കിയത്.







