ഒരു കണ്ണിറുക്കലിലൂടെ ലോകം മുഴുവൻ ശ്രദ്ധ നേടിയ പ്രിയ പ്രകാശ് വാര്യർ ഒരു അപ്രതീക്ഷിത റോളിലൂടെ വീണ്ടും ചർച്ചകളിൽ നിറയുന്നു. എന്നാൽ ഇത്തവണ നായികയുടെ വേഷത്തിലല്ല മറിച്ച് തുഷാർ ജലോത സംവിധാനം ചെയ്ത ‘പരം സുന്ദരി’ എന്ന ചിത്രത്തിലെ ഒരു അപ്രതീക്ഷിത അതിഥി വേഷത്തിലൂടെയാണ്.
റിലീസിന് മുൻപേ തന്നെ ട്രോളുകളിൽ നിറഞ്ഞ സിനിമയാണ് ‘പരം സുന്ദരി’. ജാൻവി കപൂർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ മലയാളം സംഭാഷണങ്ങളാണ് ഇതിന് പ്രധാന കാരണം. മലയാളിയായ ദാമോദരൻ പിള്ളയുടെ മകളായി എത്തിയ ജാൻവിയുടെ സംഭാഷണം പ്രേക്ഷകർക്ക് നിരാശ നൽകി. ഈ സാഹചര്യത്തിലാണ് സിനിമയിൽ ആരും ശ്രദ്ധിക്കാതെ പോയ ഒരു അതിഥി താരത്തെ ആരാധകർ കണ്ടെത്തിയത്.
സിനിമയിലെ ഒരു ആൾക്കൂട്ട രംഗത്തിലാണ് പ്രിയ വാര്യർ മിന്നിമറയുന്നത്. കേവലം ഒരു അതിഥി വേഷത്തിൽ മാത്രം പ്രത്യക്ഷപ്പെട്ട പ്രിയ എന്തുകൊണ്ടാണ് ഇത്രയും ചെറിയ ഒരു റോൾ ചെയ്യാൻ തയ്യാറായത് എന്നാണ് ആരാധകർ ഉന്നയിക്കുന്ന ചോദ്യം. മലയാളം നന്നായി കൈകാര്യം ചെയ്യുന്ന പ്രിയയെ നായികയാക്കാമായിരുന്നില്ലേ എന്നും പ്രേക്ഷകർ ചോദിക്കുന്നു. ജാൻവി കപൂറിനെക്കാൾ എത്രയോ മികച്ചതായിരുന്നു പ്രിയ എന്നും സമൂഹ മാധ്യമങ്ങളിൽ ചർച്ചകൾ സജീവമാണ്.
അടുത്തിടെ പ്രിയ വാര്യരുടേതായി പുറത്തിറങ്ങിയ തമിഴ് ചിത്രമാണ് ‘ഗുഡ് ബാഡ് അഗ്ലി’. അജിത് നായകനായ ഈ ചിത്രത്തിലെ “തൊട്ടു തൊട്ടു പേസും സുൽത്താന” എന്ന ഗാനത്തിൽ പ്രിയ കാഴ്ചവെച്ച പ്രകടനം ഏറെ ശ്രദ്ധ നേടി. വർഷങ്ങൾക്ക് മുൻപ് സിമ്രാൻ ചെയ്ത ഈ ഗാനം അതിൻ്റെ ഭംഗി ഒട്ടും ചോരാതെയാണ് പ്രിയ പുനരവതരിപ്പിച്ചത്.
സിദ്ധാർത്ഥ് മൽഹോത്ര, ജാൻവി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പരം സുന്ദരി’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മഡ്ഡോക്ക് ഫിലിംസിൻ്റെ ബാനറിൽ ദിനേശ് വിജനാണ് ചിത്രം നിർമ്മിച്ചത്.







