നടിയെ ആക്രമിച്ച കേസിൽ ഇന്ന് നിർണ്ണായക വിധി പറയും. സംഭവം നടന്ന് എട്ട് വർഷത്തിന് ശേഷമാണ് വിചാരണ കോടതി കേസിൽ വിധി പറയുന്നത്. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കോടതിയിലെത്തി. ദിലീപ് വിധി പ്രസ്താവത്തിന് ഹാജരാകുന്നതിന് മുമ്പ് സ്വന്തം അഭിഭാഷകരുടെ ഓഫീസിലെത്തി. തുടർന്ന് കോടതിയിലേക്ക് അഭിഭാഷകരുമായി പ്രവേശിക്കുകയായിരുന്നു. നടൻ ദിലീപ് ഉൾപ്പെടെ പത്ത് പ്രതികളാണ് കേസിൽ ഉൾപ്പെട്ടിരിക്കുന്നത്. വിധി പ്രസ്താവിക്കുന്ന ഇന്ന് എല്ലാ പ്രതികളോടും കോടതിയിൽ ഹാജരാകണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഒന്നാം പ്രതി പൾസർ സുനിയും കോടതിയിലെത്തി.
എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് ആണ് വിധി പറയുന്നത്. ബലാത്സംഗം, ഗൂഢാലോചന, സ്ത്രീത്വത്തെ അപമാനിക്കൽ, അന്യായ തടങ്കൽ, ബലപ്രയോഗം, തെളിവ് നശിപ്പിക്കൽ, അശ്ലീല ചിത്രമെടുക്കൽ, പ്രചരിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണു പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്. ഒന്നാം പ്രതി എൻ.എസ്.സുനിൽ എന്ന പൾസർ സുനിയും എട്ടാം പ്രതി പി ഗോപാലകൃഷ്ണൻ എന്ന ദിലീപും ആണ്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തില്ലെങ്കിലും സംഭവത്തിന്‍റെ മുഖ്യ ആസൂത്രകൻ എന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന എട്ടാം പ്രതിയായ ദിലീപിനെതിരെയും കുറ്റം ചുമത്തിയിരുന്നു.







