ഗ്രീൻലാൻഡ് വിഷയത്തിൽ അമേരിക്കയുമായുള്ള അടിസ്ഥാനപരമായ ഭിന്നത തുടരുകയാണെന്ന് ഡെന്മാർക്ക് വിദേശകാര്യമന്ത്രി ലാർസ് ലോക്കെ റാസ്മുസൈൻ. വൈറ്റ് ഹൗസിൽ ഇന്നലെ അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ ഡി വാൻസുമായും സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമായും നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് ഡെന്മാർക്ക് വിദേശകാര്യമന്ത്രിയുടെ പ്രതികരണം.
ഗ്രീൻലൻഡിൽ അമേരിക്ക കൂടുതൽ സൈനിക താവളങ്ങൾ നിർമ്മിക്കുന്നത് ചർച്ച ചെയ്യാൻ തയാറാണെന്നും റാസ്മുസൈൻ പറഞ്ഞു. ഗ്രീൻലാൻഡ് കീഴടക്കുമെന്ന് അമേരിക്ക പറയുന്നത് അസ്വീകാര്യമാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു.
ഇതിനിടെ ഗ്രീൻലാൻഡ് അമേരിക്ക ഏറ്റെടുക്കുമെന്ന് പ്രസ്താവന ചർച്ചകൾക്കുശേഷവും ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ദേശീയ സുരക്ഷയ്‌ക്കായി അമേരിക്കയ്‌ക്ക് ഗ്രീന്‍ലാന്‍ഡ് ആവശ്യമാണ്. നമ്മള്‍ നിര്‍മ്മിക്കുന്ന ഗോള്‍ഡന്‍ ഡോമിന് അത് അത്യന്താപേക്ഷിതമാണ്. അത് ലഭിക്കാൻ നാറ്റോ നമുക്ക് വഴിയൊരുക്കണം,’ ട്രംപ് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പറഞ്ഞു. യുഎസ് വികസിപ്പിക്കാന്‍ നിര്‍ദ്ദേശിച്ച മള്‍ട്ടി-ലെയര്‍ മിസൈല്‍ പ്രതിരോധ സംവിധാനമാണ് ഗോള്‍ഡന്‍ ഡോം.







