ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍ അനുവദിച്ചത് ചര്‍ച്ച ചെയ്യാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു. സര്‍ക്കാരിന് സൗകര്യമുള്ള വിഷയങ്ങള്‍ മാത്രമേ ചര്‍ച്ചക്ക് എടുക്കുകയുള്ളുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ വിമര്‍ശിച്ചു.അടിയന്തര പ്രാധാന്യമില്ലാത്ത വിഷയം ആയതുകൊണ്ടാണ് നോട്ടീസ് ചര്‍ച്ചക്ക് എടുക്കാത്തതെന്ന് സ്പീക്കര്‍ വിശദീകരിച്ചു. (speaker didnt allow notice to discuss illegal parole )
വിഷയ ദാരിദ്ര്യമാണ് പ്രതിപക്ഷത്തെ ഇത്തരം നോട്ടീസുകള്‍ നല്‍കാന്‍ പ്രേരിപ്പിക്കുന്നതെന്ന് മന്ത്രി എം ബി രാജേഷിന്റെ ആക്ഷേപം. പയ്യന്നൂരില്‍ പോലീസിന് നേരെ സ്റ്റീല്‍ ബോംബെറിഞ്ഞ കേസിലെ പ്രതിക്ക് ഒരു മാസത്തില്‍ പലതവണ പരോള്‍ അനുവദിച്ചത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ശൂന്യവേളയില്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ സ്പീക്കര്‍ നോട്ടീസ് തള്ളുകയായിരുന്നു. കെ കെ രമ എംഎല്‍എയാണ് നോട്ടീസ് സമര്‍പ്പിച്ചിരുന്നത്.
സ്പീക്കറുടെ നിലപാടിനെ എതിര്‍ത്ത് പ്രതിപക്ഷം മുന്നോട്ടുവന്നു.നോട്ടീസ് പരിഗണിക്കില്ലെന്ന സ്പീക്കറുടെ നിലപാടിനോട് ഭരണപക്ഷം യോജിച്ചു. പ്രതിപക്ഷം ബാനറുകളും പ്ലക്കാഡുകളും ആയി നടുത്തളത്തില്‍ ഇറങ്ങിയതോടെ സ്പീക്കര്‍ നിലപാട് കടുപ്പിച്ചു. ഇന്നെന്താ ചര്‍ച്ചയില്ലേ എന്ന തലക്കെട്ടിലായിരുന്നു പ്രതിപക്ഷ ബാനര്‍. 50 മിനിറ്റോളം നടുത്തളത്തില്‍ പ്രതിഷേധമുയര്‍ത്തിയ പ്രതിപക്ഷം പിന്നീട് സഭ ബഹിഷ്‌കരിച്ച് പുറത്തുപോകുകയായിരുന്നു.







