ഇന്ത്യൻ പുരുഷ ഫുട്ബോൾ ടീമിന്റെ പുതിയ പരിശീലകനെ ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. മനോലോ മാർക്കേസ് സ്ഥാനമൊഴിഞ്ഞ ഒഴിവിലേക്ക് 170-ൽ അധികം അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട മൂന്ന് പേരുടെ അന്തിമ പട്ടിക ഇന്ന് ചേരുന്ന AIFF എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് മുന്നിൽ സമർപ്പിക്കും. ഐ.എം. വിജയൻ നയിക്കുന്ന ടെക്നിക്കൽ കമ്മിറ്റിയാണ് ഈ പട്ടിക തയ്യാറാക്കിയത്.
ഖാലിദ് ജമീൽ
ഈ പട്ടികയിലെ ഏക ഇന്ത്യക്കാരനാണ് ഖാലിദ് ജമീൽ. ഇന്ത്യൻ ഫുട്ബോളിന്റെ എല്ലാ തലങ്ങളെക്കുറിച്ചും ആഴത്തിലുള്ള അറിവുള്ള ഖാലിദ് ഒരു മുൻ ഇന്ത്യൻ താരം കൂടിയാണ്. 2016-17 സീസണിൽ ഐസോൾ എഫ്.സി.യെ ഐ-ലീഗ് ചാമ്പ്യൻമാരാക്കിയതാണ് ഖാലിദിന്റെ കരിയറിലെ പ്രധാന നേട്ടം. കഴിഞ്ഞ സീസണിൽ ജംഷാദ്പൂർ എഫ്.സി.യെ സൂപ്പർ കപ്പ് റണ്ണേഴ്‌സ് അപ്പാക്കാനും ഖാലിദ് ജമീലിന് സാധിച്ചു.
ഇന്ത്യൻ ഫുട്ബോൾ ആരാധകർക്ക് സുപരിചിതനാണ് ഇംഗ്ലീഷുകാരനായ സ്റ്റീഫൻ കോൺസ്റ്റന്റൈൻ. രണ്ട് തവണ ഇന്ത്യയുടെ പരിശീലകനായിരുന്ന സ്റ്റീഫൻ, 2015-19 കാലഘട്ടത്തിൽ ഇന്ത്യൻ ടീമിന്റെ റാങ്കിങ്ങിൽ വലിയ മുന്നേറ്റമുണ്ടാക്കാനും 2019 ഏഷ്യൻ കപ്പിന് യോഗ്യത നേടാനും സഹായിച്ചിട്ടുണ്ട്. യുവതാരങ്ങളെ കണ്ടെത്തുന്നതിലും വളർത്തുന്നതിലുമുള്ള സ്റ്റീഫന്റെ കഴിവ് ശ്രദ്ധേയമാണ്.
സ്റ്റെഫാൻ ടർകോവിച്ച്
സ്ലൊവാക്യൻ പരിശീലകനായ സ്റ്റെഫാൻ ടർകോവിച്ചാണ് അന്തിമ പട്ടികയിലെ മൂന്നാമൻ. ഫിഫ റാങ്കിങ്ങിൽ മുൻപന്തിയിലുള്ള സ്ലൊവാക്യന് ദേശീയ ടീമിനെ പരിശീലിപ്പിച്ച പരിചയമുണ്ട് . 2020 യൂറോ കപ്പിനും 2027 ഏഷ്യൻ കപ്പിനും യഥാക്രമം സ്ലൊവാക്യ, കിർഗിസ്ഥാൻ ടീമുകളെ യോഗ്യരാക്കിയതും സ്റ്റെഫാൻ ടർകോവിച്ചിന്റെ നേട്ടങ്ങളാണ്. പ്രതിരോധത്തിൽ ഊന്നിയുള്ള കൗണ്ടർ അറ്റാക്കിങ് തന്ത്രങ്ങൾ മെനയുന്നതിൽ സ്റ്റെഫാൻ ശ്രദ്ധേയനാണ്.
ഈ മൂന്ന് പേരിൽ ആരുടെ കൈകളിലാകും ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി എന്നറിയാൻ ആകാംഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. പുതിയ പരിശീലകന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്, എങ്കിലും ടീമിന് ഒരു പുതിയ ദിശാബോധം നൽകാൻ കഴിയുന്ന ഒരാളെയാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്.







