ഡൽഹിയിൽ സമരം നടത്തിയവരെ വെടിവെച്ചു കൊല്ലണം എന്നത് അടക്കമുള്ള അധിക്ഷേപ പരാമർശത്തിൽ ആർഎസ്എസ് സഹയാത്രികൻ ടി ജി മോഹൻദാസിനെതിരെ വീണ്ടും പരാതി. സിപിഐ മണ്ഡലം സെക്രട്ടറി അബ്‌ദുൾ ജലീലാണ് പരാതി നൽകിയത്. മട്ടാഞ്ചേരി പോലീസിലാണ് പരാതി നൽകിയത്. തിരുവനന്തപുരം സൈബർ പൊലീസ് നേരത്തെ കേസെടുത്തിരുന്നു. ടി ജി മോഹൻദാസിനെതിരെ ഡൽഹിയിൽ സിപിഐ നേതാവ് ആനി രാജയും പരാതി നൽകിയിരുന്നു.
ടിജി മോഹൻദാസിനെതിരെ പ്രതിഷേധം കടുക്കുകയാണ്. ഇതിനിടയിലാണ് പോലീസ് നടപടി. ആഭ്യന്തരമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് അന്വേഷണം നടത്തിയ പോലീസ്, കലാപ ആഹ്വാനത്തിന് ഉൾപ്പെടെയുള്ള ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് കേസ് . ടി ജി മോഹൻദാസിനെതിരെ ഡൽഹി പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ സിപിഐ ആനി രാജ പരാതി നൽകി. ടിജി മോഹൻ ദാസിനെ ഇതുവരെ അറസ്റ്റ് ചെയ്യാത്തത് പൊലീസിന്റെ പരാജയമെന്ന് സാമൂഹിക നിരീക്ഷകൻ രാഹുൽ ഈശ്വർ കുറ്റപ്പെടുത്തി.
ടി ജി മോഹൻദാസിന്റെ ഫോർട്ട് കൊച്ചിയിലെ വീട്ടിലേയ്ക്ക് യൂത്ത് കോൺഗ്രസ് പ്രതിഷേധ മാർച്ച് നടത്തി. ഗാന്ധിജിയുടെ ചിത്രവും തൊപ്പിയും വെച്ചായിരുന്നു മാർച്ച്. എഐവൈഫ് പ്രവർത്തകരും ടി ജി മോഹൻദാസിന്റെ കൊച്ചിയിലെ വീട്ടിലേക്ക് മാർച്ച് നടത്തി. ഇന്നലെ മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തു. മാർഗ്ഗ തടസ്സം സൃഷ്ടിച്ചതിനും കോലം കത്തിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. എന്നാൽ പോലീസ് അറസ്റ്റിലേക്ക് നീങ്ങിയിട്ടില്ല.







