ബലാത്സംഗക്കേസില്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ വഞ്ചിയൂര്‍ കോടതിക്ക് മുന്നിലും പാലക്കാട്ടും ഇടതുപക്ഷ സംഘടനകളുടെ നേതൃത്വത്തില്‍ വന്‍ ആഘോഷം. വഞ്ചിയൂര്‍ കോടതിക്ക് മുന്നില്‍ സിഐടിയു പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ച് ആഘോഷം നടത്തി. ‘കാട്ടുകോഴി മാങ്കൂട്ടമേ രാജിവച്ച് പോ പുറത്ത്’ എന്ന മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് സിഐടിയുവിന്റെ ആഘോഷം. പാലക്കാട് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിപുലമായ ആഘോഷം നടത്തുന്നുണ്ട്. ഇടത് സംഘടനകളുടെ നേകതൃത്വത്തില്‍ രാഹുലിന്റെ ചിത്രങ്ങള്‍ കത്തിച്ചും പ്രതിഷേധവും ആഹ്‌ളാദ പ്രകടനവും നടന്നുവരികയാണ്. (dyfi and citu celebrates court decision in rahul mamkoottathil case)
തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയത്. പൊലീസ് കേസ് എടുത്തതിന് പിന്നാലെ ഒളിവില്‍ പോയ എംഎല്‍എ എട്ടാം ദിവസവും കാണാമറയത്താണ്. കീഴടങ്ങുമോ, അതോ എസ്‌ഐടി പിടികൂടുമോ, ഈ രണ്ട് ചോദ്യങ്ങള്‍ക്കാണ് ഇനി ഉത്തരം വേണ്ടത്.
ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയതിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരുന്നു. സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റതിന്റെ ഒന്നാം വാര്‍ഷിക ദിനത്തിലാണ് രാഹുലിനെതിരായ നടപടി. രാഹുല്‍ എംഎല്‍എ സ്ഥാനം ഒഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു.







