വിരേന്ദര്‍ സെവാഗിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയുമാണ് കാര്‍ത്തിക് തന്‍റെ ടീമിന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്.
ചെന്നൈ: ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഇലവനെ തെരഞ്ഞെടുത്ത് മുന്‍ ഇന്ത്യൻ താരം ദിനേശ് കാര്‍ത്തിക്. അഞ്ച് ബാറ്റര്‍മാരും രണ്ട് ഓള്‍ റൗണ്ടര്‍മാരും രണ്ട് സ്പിന്നര്‍മാരും രണ്ട് പേസര്‍മാരും അടങ്ങുന്ന ടീമിനെയാണ് ദിനേശ് കാര്‍ത്തിക് തെരഞ്ഞെടുത്തത്.
വിരേന്ദര്‍ സെവാഗിനെയും ക്യാപ്റ്റന്‍ രോഹിത് ശര്‍മയെയുമാണ് കാര്‍ത്തിക് തന്‍റെ ടീമിന്‍റെ ഓപ്പണര്‍മാരായി തെരഞ്ഞെടുത്തിരിക്കുന്നത്. ഏകദിനത്തില്‍ 100ന് മുകളിലും ടെസ്റ്റിൽ 82.23 ഉം സ്ട്രൈക്ക് റേറ്റുള്ള താരമായിരുന്നു സെവാഗ്. രോഹിത് ആകട്ട യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തുന്നു ഫോമിലുമാണിപ്പോള്‍.
മൂന്നാം നമ്പറില്‍ കാര്‍ത്തിക്കിന്‍റെ ടീമിലുള്ളത് വിരാട് കോലിയല്ല. പകരം കാര്‍ത്തിക് തെരഞ്ഞെടുത്തത് മുന്‍ ഇന്ത്യൻ പരിശീലകന്‍ കൂടിയായ രാഹുല്‍ ദ്രാവിഡിനെയാണ്. നാലാം നമ്പറില്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ് കാര്‍ത്തിക്കിന്‍റെ ടീമിലിടം നേടിയത്. സമകാലീന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററായ വിരാട് കോലിക്ക് കാര്‍ത്തിക് അഞ്ചാം നമ്പറിലാണ് സ്ഥാനം നല്‍കിയിരിക്കുന്നത്.
യുവരാജ് സിംഗും രവീന്ദ്ര ജഡേയജയുമാണ് കാര്‍ത്തിക്കിന്‍റെ ടീമിലെ ഓള്‍ റൗണ്ടര്‍മാര്‍. ജസ്പ്രീത് ബുമ്രയാണ് പേസ് പടയെ നയിക്കുന്നത്. ബുമ്രക്കൊപ്പം പന്തെറിയാനെത്തുന്നതാകട്ടെ സഹീര്‍ ഖാനാണ്. സ്പിന്നര്‍മാരായി കാര്‍ത്തിക് ടീമിലെടുത്തത് ആര്‍ അശ്വിനെയും അനില്‍ കുംബ്ലെയുമാണ്. പന്ത്രണ്ടാമനായി ഹര്‍ഭജന്‍ സിംഗും കാര്‍ത്തിക്കിന്‍റെ ടീമിലിടം നേടി.
ദിനേഷ് കാർത്തിക് തെരഞ്ഞെടുത്ത എക്കാലത്തെയും മികച്ച ഇന്ത്യൻ ടീം: വീരേന്ദർ സെവാഗ്, രോഹിത് ശർമ്മ, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെൻഡുൽക്കർ, വിരാട് കോലി, യുവരാജ് സിംഗ്, രവീന്ദ്ര ജഡേജ, ആര്‍ അശ്വിൻ, അനിൽ കുംബ്ലെ, ജസ്പ്രീത് ബുമ്ര, സഹീർ ഖാൻ. 12ാമൻ- ഹർഭജൻ സിംഗ്.