ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ ഇറങ്ങിയ വർഷം സംസ്ഥാന ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമായിരുന്നു
തിരുവനന്തപുരം: 2023 ലെ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നാളെ പ്രഖ്യാപിക്കും. കാതലും, ആടുജീവിതവും 2018 ഉം ഫാലിമിയും അടക്കം നാൽപതോളം ചിത്രങ്ങൾ അവസാന റൗണ്ടിലുണ്ട്. അതിജീവന കഥകളുമായി ആടുജിവിതവും 2018 ഉം ആത്മസംഘർഷങ്ങളെ അവതരിപ്പിച്ച കാതലും ഉള്ളൊഴുക്കും, അങ്ങനെ ഒന്നിനൊന്ന് മികച്ച ചിത്രങ്ങൾ ഇറങ്ങിയ വർഷം സംസ്ഥാന ചലചിത്ര പുരസ്കാരത്തിനുള്ള അന്തിമ റൗണ്ടിൽ കടുത്ത മത്സരമായിരുന്നു.
കണ്ണൂർ സ്ക്വാഡിലെ ജോർജായും കാതലിലെ മാത്യുവായും അമ്പരപ്പിച്ച മമ്മൂട്ടിയോ? വർഷങ്ങളോളം അധ്വാനിച്ച് ആടുജീവിതത്തിലെ നജീബായി മാറിയ പ്രിഥ്വിരാജോ? അതോ റിലീസിനെത്താത്ത ചിത്രങ്ങളിലെ പ്രകടനത്തിന് മറ്റാരെങ്കിലുമോ? മികച്ച നടൻ ആരാകും എന്നതിൽ അങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉള്ളത്. കഴിഞ്ഞ വർഷവും മികച്ച നടൻ മമ്മൂട്ടിയായിരുന്നു.
മികച്ച നടിക്കുള്ള പുരസ്കാരത്തിലും ഇക്കുറി കടുത്ത മത്സരമായിരുന്നു. ഉള്ളൊഴുക്കിലെ ലീലാമ്മയായി വേഷമിട്ട ഉർവശിയെയും അഞ്ജുവായെത്തിയ പാർവതി തിരുവോത്തിനെയും മികച്ച നടിക്കുള്ള പുരസ്കാരത്തിന് പരിഗണിക്കുന്നുണ്ടെന്നാണ് സൂചന. നേരിലെ പ്രകടനത്തിലൂടെ അനശ്വര രാജനും ശേഷം മൈക്കിൽ ഫാത്തിമ എന്ന ചിത്രത്തിലൂടെ കല്യാണി പ്രിയദർശനും മത്സരത്തിനുണ്ട്.
ജിയോ ബേബിയോ, ബ്ലെസിയോ, ക്രിസ്റ്റോ ടോമിയോ ആരാകും മികച്ച സംവിധായകനെന്നതിലും ആകാംക്ഷ നിറയെ ഉണ്ട്. ആടുജീവിത്തതിലൂടെ എ ആർ റഹ്മാനാകുമോ മികച്ച സംഗീതസംവിധായകൻ, അതോ സുഷിൻ ശ്യാമിനെ തേടിയെത്തുമോ പുരസ്കാരമെന്നതും കണ്ടറിയണം.
160 ചിത്രങ്ങളാണ് മത്സരത്തിനുള്ളത്. ഇതിൽ 84 എണ്ണവും നവാഗത സംവിധായകരുടേതാണ്. തിയേറ്ററിൽ റിലീസാകാത്ത, എന്നാൽ രാജ്യാന്തര മേളകളിൽ അടക്കം ശ്രദ്ധ നേടിയ ചിത്രങ്ങളും നിരവധിയുണ്ട്. സുധീർ മിശ്ര അധ്യക്ഷനായ ജൂറിയാണ് അവാർഡ് നിശ്ചയിക്കുന്നത്. കഴിഞ്ഞ തവണത്തെ പുരസ്കാര നിർണയം വലിയ വിവാദമായ സാഹചര്യത്തിൽ ഇക്കുറി വിവാദങ്ങളില്ലാതെ മുന്നോട്ട് പോകാനാകും സാധ്യത.