മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു ആസിഫിനെ രമേഷ് നാരായണ്‍ അപമാനിച്ചത്.
മലയാള സിനിമാ ലോകത്ത് ആസിഫ് അലിയെ സംഗീതഞ്ജൻ രമേഷ് നാരായൺ അപമാനിച്ച സംഭവം വലിയ ചർച്ച ആയി മാറിയിരിക്കുകയാണ്. സിനിമാ- രാഷ്ട്രീയ രംഗത്ത് ഉള്ള നിരവധി പേരാണ് ആസിഫിനെ പിന്തുണച്ചും രമേഷ് നാരായണിന് എതിരെ രൂക്ഷവിമർശനം ഉന്നയിച്ചും രംഗത്ത് എത്തുന്നത്. ഈ അവസരത്തിൽ ആസിഫുമായി ബന്ധപ്പെട്ട പല വീഡിയോകളും ഫോട്ടോകളും എല്ലാം സോഷ്യൽ ലോകത്ത് വൈറലാകുകയാണ്. അക്കൂട്ടത്തിൽ മമ്മൂട്ടി, ആസിഫ് അലിയെ കുറിച്ച് മുൻപ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.
കഴിഞ്ഞ വർഷം റിലീസ് ചെയ്ത് ഏറെ ശ്രദ്ധനേടിയ റോഷാക്ക് എന്ന സിനിമയുടെ വിജയാഘോഷ വേളയിൽ ആയിരുന്നു മമ്മൂട്ടി, ആസിഫ് ആലിയെ പ്രശംസിച്ചത്. “എനിക്കൊരു തിരിച്ചറിവ് കിട്ടിയൊരു സിനിമയാണ് റോഷാക്ക്. രണ്ട് കണ്ണുകൾ വച്ച് മലയാളികൾ എന്നെ തിരിച്ചറിയുന്ന നിലയിലേക്ക് ഞാൻ എത്തി. അതൊരു വലിയ അംഗീകാരം ആണെനിക്ക്. അതിനെക്കാളൊക്കെ ഉപരി സിനിമയുടെ പ്രമോഷൻ ഇന്റർവ്യൂകളിൽ മമ്മൂക്ക എന്നെ കുറിച്ച് കുറേ കാര്യങ്ങൾ പറഞ്ഞതാണ്. അങ്ങനെയുള്ള കുറെ വലിയ സന്തോഷങ്ങളാണ് ജീവിതം എന്ന് വിശ്വസിക്കുന്നൊരാളാണ് ഞാൻ. മമ്മൂക്ക ഐ ലവ് യു”, എന്നായിരുന്നു ആസിഫ് അന്ന് വേദിയിൽ പറഞ്ഞത്.
പിന്നാലെ, “കണ്ണുകൾ കൊണ്ട് മായം കാണിച്ച ഒരു നടനാണ് ആസിഫ് അലി. കണ്ണുകൾ മാത്രം കൊണ്ട് അഭിനയിച്ച് അത് അത്ഭുതകരമായി ആളുകൾ സ്വീകരിക്കുകയും ചെയ്തു. ഞങ്ങൾ അത് സസ്പെൻസ് ആയി വച്ചു എങ്കിലും 90 ശതമാനം പേർക്കും ആ കണ്ണുകൾ തിരിച്ചറിയാൻ സാധിച്ചു എന്നത് വലിയ കാര്യമാണ്. ആൾക്കാർ അത് ഓർത്തിരിക്കുന്നു എന്നതും വലിയ കാര്യമാണ്”, എന്നാണ് മമ്മൂട്ടി പറഞ്ഞത്. ഇതാണ് സഹജീവി സ്നേഹം എന്ന് പറഞ്ഞാണ് നിരവധി പേർ വീഡിയോ ഷെയർ ചെയ്യുന്നത്.
മനോരഥങ്ങൾ എന്ന ആന്തോളജി ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചിനിടെ ആയിരുന്നു ആസിഫിനെ രമേഷ് നാരായണൻ അപമാനിച്ചത്. ഇതേ വേദിയിൽ വച്ച് എംടി വാസുദേവൻ നായരും മമ്മൂട്ടിയും തമ്മിലുള്ള ഹൃദയസ്പർശിയായ ഒരു വീഡിയോയും പുറത്തുവന്നിരുന്നു. മമ്മൂട്ടിയെ കണ്ടു പഠിക്ക് എന്നാണ് ഈ രണ്ട് സംഭവങ്ങളുടെയും വീഡിയോ പങ്കുവച്ച് രമേഷ് നാരായണിനോട് സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറഞ്ഞത്.