ഒക്ടോബര്‍ 10 നാണ് കങ്കുവയുടെ റിലീസ്
നടന്‍ എന്ന നിലയില്‍ മാത്രമല്ല, വ്യക്തി എന്ന നിലയിലും മലയാളികളുടെ പ്രിയം നേടിയ കലാകാരനാണ് ബാല. സിനിമയ്ക്ക് പുറമെ സാമൂഹിക പ്രവര്‍ത്തനങ്ങളിലും വ്യാപൃതനായ താരം. നടന്‍ എന്നതിനപ്പുറം സംവിധായകനായുള്ള അരങ്ങേറ്റത്തിനുള്ള തയ്യാറെടുപ്പുകളിലാണ് ബാല. സംവിധാനം ചെയ്യാന്‍ പോകുന്ന സിനിമയുടെ തിരക്കഥയും ബാലയുടേത് തന്നെയാണ്. തമിഴിലാണ് ചിത്രം. നാന്‍ വീഴ്വേന്‍ എന്ന് നിനൈത്തായോ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
ബാലയുടെ സഹോദരനും പ്രമുഖ തമിഴ് സംവിധായകനുമായ ശിവയുടെ പുതിയ ചിത്രം, സൂര്യ നായകനാവുന്ന കങ്കുവയുടെ നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുമായി ഒരു സിനിമ സംവിധാനം ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നുവെന്നും ബാല പറയുന്നു. സെല്ലുലോയ്ഡ് മാഗസിന്‍ എന്ന യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണഅ ബാല ഇക്കാര്യങ്ങള്‍ പറയുന്നത്.
“കങ്കുവയ്ക്ക് മുന്‍പ് നിര്‍മ്മാതാവ് കെ ഇ ജ്ഞാനവേല്‍ രാജയുടെ മറ്റൊരു സിനിമ ഞാന്‍ സംവിധാനം ചെയ്യാന്‍ കരാര്‍ ഒപ്പിട്ടിരുന്നു. ആ സമയത്താണ് ജീവിതത്തില്‍ ചില പ്രശ്നങ്ങള്‍ വന്നത്. ഇനി അത് ചെയ്യും. നാന്‍ വീഴ്വേന്‍ എന്ന് നിനൈത്തായോ എന്നാണ് സിനിമയുടെ പേര്. എന്‍ ഇരുതി ആയുധം ഞാന്‍ എന്നാണ് ടാഗ് ലൈന്‍ ഇട്ടിരുന്നത്. ആ ടാഗ് ലൈന്‍ സൂര്യ സാറിന് ഭയങ്കരമായി ഇഷ്ടപ്പെട്ടിരുന്നു. അതിന്‍റെ അര്‍ഥം, ബന്ധുക്കളും ഭാര്യയും മക്കളും സുഹൃത്തുക്കളും, കൈയിലുള്ള മുഴുവന്‍ ആയുധങ്ങളും പോയാലും നില്‍ക്കാന്‍ കഴിഞ്ഞാല്‍ പോരാടാനാവും എന്നാണ്. അവനവന്‍ തന്നെ ആയുധം. ആ പടം ചെയ്യണമെന്നത് ഏറ്റവും വലിയ ഒരു ആഗ്രഹമാണ്. കങ്കുവയുടെ റിലീസിന് ശേഷം അത് സംസാരിക്കും. ഞാനായിരിക്കും സംവിധാനം. എന്‍റെ തന്നെയാണ് തിരക്കഥ”, ബാല പറഞ്ഞ് നിര്‍ത്തുന്നു.