ജയം രവി നായകനായി എത്തുന്ന പുതിയ ചിത്രം ‘കാതലിക്കാ നേരമില്ലൈ’ ബുക്ക് മൈ ഷോയിൽ ട്രെൻഡിങ്ങാകുകയാണ്. ജനുവരി 14 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ജയം രവിയുടെ സമീപകാല റിലീസുകൾക്കൊന്നും അത്ര വിജയം നേടാൻ സാധിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പുതിയ ചിത്രത്തിന്റെ വിജയം നടന് അനിവാര്യമാണ്.
കിരുത്തിഗ ഉദയനിധി സംവിധാനം ചെയ്യുന്ന ചിത്രം കാണാൻ ഇതിനോടകം 16600 പേരാണ് ബുക്ക് മൈ ഷോയിൽ താല്പര്യം പ്രകടിപ്പിച്ചിട്ടുള്ളത്. ‘കാതലിക്കാ നേരമില്ലൈ’ യിൽ ജയം രവിക്കൊപ്പം നായികയായി എത്തുന്നത് നിത്യാ മേനനാണ്. നിത്യാ മേനോന്റെ പേരാണ് ആദ്യം ചിത്രത്തിൽ എത്തുന്നതെന്നും നായികാ കഥാപാത്രത്തിന് ചിത്രത്തിൽ ഏറെ പ്രാധാന്യമുണ്ടെന്നും ജയം രവി മുൻപ് വ്യക്തമാക്കിയിരുന്നു.
ജയം രവിയുടെ അവസാനം റിലീസായ ചിത്രം ബ്രദർ ആയിരുന്നു. സഹോദര-സഹോദരി ബന്ധത്തെ ആസ്പദമാക്കിയുള്ള ചിത്രം അത്ര വലിയ വിജയമായിരുന്നില്ല. എം രാജേഷ് സംവിധാനം ചെയ്ത ചിത്രത്തിൽ ജയം രവി നിയമ വിദ്യാർത്ഥിയുടെ വേഷത്തിലാണ് എത്തിയത്. കുടുംബ ബന്ധങ്ങളെക്കുറിച്ചുള്ള ഒരു ചിത്രമായിരുന്നു ബ്രദർ എങ്കിലും പ്രതീക്ഷിച്ച വിജയം നേടാൻ കഴിഞ്ഞില്ല. ‘കാതലിക്കാ നേരമില്ലൈ’ ഈ തോൽവി മറികടന്ന് നടന് പുതിയൊരു തിരിച്ചു വരവ് നൽകുമെന്നാണ് പ്രതീക്ഷകൾ.