സംസ്ഥാന അണ്ടര്‍ 20 ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ കോഴിക്കോടിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്ത് വയനാട് ഫൈനലില്‍ പ്രവേശിച്ചു. ആദ്യമായി വയനാട് ആഥിത്യമരുളുന്ന ടൂര്‍ണമെന്റില്‍ മികച്ച പ്രകടനം പുറത്തെടുത്ത വയനാട് കളിയുടെ തുടക്കം മുതല്‍ ആമ്രകണ ശൈലിയിലായിരുന്നു. പതിമൂന്നാംമിനിറ്റില്‍ മത്സരത്തിലെ ആദ്യഗോള്‍ എത്തി. വലതുവിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവില്‍ മുഹമദ്ദ് അദ്നാന്‍ വല ചലിപ്പിക്കുകയായിരുന്നു. നാല് മിനുട്ടുകള്‍ മാത്രം പിന്നിട്ടപ്പോള്‍ വയനാട് ലീഡ് രണ്ടാക്കി ഉയര്‍ത്തി. ബോക്സിന് പുറത്ത് ഏതാനും വാര അകലത്തില്‍ ലഭിച്ച ഫ്രീകിക്ക് ഗോള്‍കീപ്പറെ കാഴ്ചക്കാരനാക്കി ഗോകുല്‍രാജ് വലയിലെത്തിച്ചു. 35-ാം മിനുട്ടിലായിരുന്നു വയനാടിന്റെ മൂന്നാംഗോള്‍ പിറന്നത്. ഇത്തവണ വലതുവിങില്‍ നിന്ന് വന്ന ഷോട്ട് പിടിച്ചെടുക്കാനുള്ള ഗോള്‍കീപ്പറുടെ ശ്രമം പരാജയപ്പെട്ടു. വഴുതിവീണ പന്ത് ഡിഫന്‍ഡര്‍ അടിച്ചകറ്റാന്‍ ശ്രമിക്കുന്നതിനിടെ അമല്‍ സിനാജ് പോസ്റ്റിലേക്ക് കുത്തിക്കയറ്റി. ആദ്യപകുതിക്ക് പിരിയുമ്പോള്‍ വയനാട് മൂന്ന് ഗോളിന് മുന്നിലായിരുന്നു.
രണ്ടാം പകുതിയുടെ 67ാം മിനുട്ടില്‍ ഇടതു വിങില്‍ നിന്ന് ലഭിച്ച ക്രോസിന് തലവെച്ച് മുഹമ്മദ് അദ്‌നാന്‍ വയനാടിന്റെ ലീഡ് നാലാക്കി. 86-ാം മിനുട്ടില്‍ ഗോകുല്‍രാജും തന്റെ രണ്ടാം ഗോള്‍ കണ്ടെത്തി ഇതോടെ ചരിത്രത്തിലാദ്യമായി വലിയ സ്‌കോറില്‍ വയനാട് ചാമ്പ്യന്‍ ഷിപ്പിന്റെ ഫൈനല്‍ പ്രവേശം ഏതാണ്ട് ഉറപ്പാക്കി. ബുധനാഴ്ച രണ്ടാം സെമിഫൈനലില്‍ കാസര്‍ഗോഡ് ജില്ല ടീം മലപ്പുറം ജില്ല ടീമിനെ നേരിടും.