മതമൈത്രിയുടെ പ്രതീകമായ സന്നിധാനത്തെ വാവരു നടയിൽ ഭക്തജനത്തിരക്ക്. അയ്യപ്പനും വാവരുമായുള്ള ഉറ്റബന്ധത്തിൻ്റെ പ്രതീകമായ വാവരുനടയിലാണ് ഭക്തജനതിരക്ക് അനുഭവപ്പെടുന്നത്. താഴെ തിരുമുറ്റത്തെത്തുന്ന മിക്ക തീർഥാടകരും വാവരുനടയിലെത്തി പ്രസാദം വാങ്ങിയാണ് മടങ്ങുന്നത്.
40 വർഷമായി പരികർമ്മിയായിരുന്ന വായ്പൂരിലെ നൗഷറുദ്ദീൻ മുസലിയാറാണ് വാവര് നടയിലെ ഇത്തവണത്തെ മുഖ്യകർമ്മി . ഇതാദ്യമായാണ് വെട്ടിപ്ലാക്കൽ കുടുംബത്തിലെ പത്തൊമ്പതാം തലമുറക്കാരനായ നൗഷറുദ്ദീൻ മുഖ്യകർമിയാകുന്നത്. കൽക്കണ്ടവും കുരുമുളകും ഏലയ്ക്കയുമാണ് ഇവിടത്തെ പ്രസാദം.
അനുകരണീയമായ ലോക മാതൃകയാണിതെന്നും മാനവികതയെന്ന ലോക ദർശനം ഇവിടെയെത്തുന്ന ഭക്തർ ഉൾകൊള്ളുന്നതിൽ സന്തോഷമുണ്ടെന്നും നൗഷറുദ്ദീൻ മുസലിയാർ പറഞ്ഞു.