വയനാടിനോടുള്ള അവഗണന കേന്ദ്രം കേരളത്തോട് കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. ഇത് എന്തെങ്കിലും ഒരു ഔദാര്യമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പാര്‍ലമെന്റില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തതാണെന്നും കീഴ്‌വഴക്കങ്ങളെല്ലാം ചൂണ്ടിക്കാട്ടിയതാണെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. ലെവല്‍ ത്രീ ഗ്രേഡ് ദുരന്തമായി പ്രഖ്യാപിച്ചാല്‍ സഹായിക്കാന്‍ സാധിക്കുമെന്ന് ഞങ്ങള്‍ ചൂണ്ടിക്കാണിച്ചതാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നതിലൊന്നും ആക്ഷേപം പറയുന്നില്ല. പക്ഷേ, ഇത്രയും വലിയ ദുരന്തം നടന്ന കേരളത്തിന് കൊടുക്കാതിരിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്. ഇത് കേരളം പിടിച്ചു വാങ്ങണം. അതിന് എല്ലാം മറന്ന് ഒറ്റക്കെട്ടായി സംസ്ഥാനം പോരാടണമെന്നാണ് കോണ്‍ഗ്രസിന്റെ വ്യക്തമായ അഭിപ്രായം – കെസി വേണുഗോപാല്‍ വ്യക്തമാക്കി.
കേന്ദ്രത്തിന്റെ നടപടി രാജ്യത്തോടുള്ള വെല്ലുവിളിയെന്ന് വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് കെ വി തോമസ് പറഞ്ഞു. കേരളത്തിന്റെ ഭാഗത്തു നിന്ന് വീഴ്ച ഉണ്ടായിട്ടില്ല. ധനമന്ത്രിയോട് നേരിട്ട് ആവശ്യപ്പെട്ടതാണ്. മുഖ്യമന്ത്രി ആദ്യം കത്ത് അയച്ചു. ദുരന്തം ഉണ്ടായി 6 മാസം കഴിഞ്ഞു. മുനമ്പത്ത് എടുക്കുന്ന അമിത രാഷ്ട്രീയ താത്പര്യം വയനാടിന്റെ കാര്യത്തില്‍ എടുത്തില്ല – അദ്ദേഹം വ്യക്തമാക്കി. 7000 കോടി രൂപ ആന്ധ്രക്ക് കൊടുത്തുവെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം വിഷയത്തില്‍ പ്രതിപക്ഷം രാഷ്ട്രീയം കാണരുതെന്നും പറഞ്ഞു. വയനാടിനായി പ്രതിപക്ഷവും ബിജെപിയും ഒരുമിച്ചു നില്‍ക്കണമെന്നും കേന്ദ്രസഹായം കേരളത്തിന്റെ അവകാശം ആണ് ഔദാര്യം അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.