പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോയ ജന്മനാ കാഴ്ചക്കുറവുള്ള ഹരിതകര്‍മ്മ സേനാംഗത്തിനെ പട്ടിയെ തുറന്ന് വിട്ട് അപായപ്പെടുത്താന്‍ ശ്രമിച്ചതായി പരാതി. തൃശൂര്‍ ചാഴൂര്‍ സ്വദേശി പണ്ടാരിക്കല്‍ വീട്ടില്‍ പ്രജിതയാണ് പ്രദേശവാസിയായ യുവതിക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. പട്ടിയെ കൊണ്ട് മനപ്പൂര്‍വ്വം അക്രമിപ്പിക്കുകയായിരുന്നു എന്നാണ് പ്രജിതയുടെ പരാതി. (Man set his dog against Haritha Karma Sena member in Thrissur)
കഴിഞ്ഞ ദിവസമാണ് ചാഴൂര്‍ പഞ്ചായത്തിലെ ഹരിത കര്‍മ്മ സേനാംഗമായ മറ്റൊരു സ്ത്രീയോടൊപ്പം പ്രജിത എസ്എന്‍ റോഡിന് വടക്കുവശത്തുള്ള വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാന്‍ പോകുന്നത്. ഡേവിസ് എന്നയാളുടെ വീട്ടിലെത്തിയപ്പോളാണ് ദുരനുഭവം നേരിട്ടതെന്ന് യുവതി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.
സംഭവത്തെക്കുറിച്ച് പ്രജിത പറയുന്നത് ഇങ്ങനെയാണ്: കോളിംഗ് ബെല്ലടിച്ചപ്പോള്‍ ഡേവിസിന്റെ മകള്‍ വാതില്‍ തുറന്നു. പ്ലാസ്റ്റിക്ക് ഉണ്ടോ എന്ന് ചോദിച്ചതും വാതില്‍ മുഴുവന്‍ തുറന്ന് അകത്തുണ്ടായിരുന്ന പട്ടിയെ തുറന്ന് വിട്ടു. പട്ടി കുരച്ച് ഓടിയടുത്തപ്പോള്‍ പിടിച്ചുമാറ്റുമെന്ന് കരുതിയെങ്കിലും ഉണ്ടായില്ല. അവര്‍ പട്ടിയെ കൊണ്ട് തങ്ങളെ അക്രമിപ്പിക്കുകയായിരുന്നു എന്നും പരാതിയില്‍ പറയുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടയില്‍ പട്ടി പ്രജിതയുടെ കഴുത്തിലേക്ക് ചാടിക്കയറി. ഇതോടെ പ്രജിത പുറകിലേക്ക് മറിഞ്ഞു വീണതായും പട്ടിയെ പിടിച്ചു മാറ്റാന്‍ പറഞ്ഞപ്പോള്‍ തന്റെ നായയെ പട്ടിയെന്ന് വിളിച്ചെന്നും പറഞ്ഞ് യുവതി പ്രജിതയെ ആക്രമിക്കാന്‍ ശ്രമിച്ചതായും പരാതിയില്‍ പറയുന്നു. മറ്റു ഹരിത കര്‍മ്മസേനങ്ങങ്ങളും ജനപ്രതിനിധികളും ഇടപെട്ടാണ് പ്രജിതയെ ആശുപത്രിയില്‍ എത്തിച്ചത്. പ്രജിതയുടെ പരാതി പ്രകാരം ഇരിങ്ങാലക്കുട വനിതാ പൊലീസ് സ്റ്റേഷനില്‍ കേസെടുത്തിട്ടുണ്ട്. ഇരു കൂട്ടരെയും അന്തിക്കാട് സ്റ്റേഷനില്‍ വിളിച്ചു വരുത്തി പൊലീസ് ചോദ്യം ചെയ്തു.