രാഹുല്‍ മാങ്കൂട്ടത്തില്‍ കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ അപ്പോയിന്‍മെന്റ് എടുത്തിരുന്നുവെന്ന് സ്ഥിരീകരിച്ച് മര്‍ക്കസിന്റെ ചുമതലയുള്ള ഉസ്താദ് ബാദുഷ ട്വന്റിഫോറിനോട്. പ്രഭാത നമസ്‌കാരത്തിന് ശേഷം കാണാമെന്നായിരുന്നു തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി. കാരന്തൂര്‍ മര്‍ക്കസിലെ പള്ളിയോട് ചേര്‍ന്നുള്ള ഓഫീസില്‍ എത്തിക്കൊണ്ട് കാണും എന്ന കാര്യവും ഉസ്താദ് വ്യക്തമാക്കി. രാഹുല്‍ മാങ്കൂട്ടത്തില്‍ എന്തിനാണ് ഈ സമയത്ത് കോഴിക്കോട് പോയത് എന്ന് ചോദ്യമുയര്‍ന്നിരുന്നു. കാന്തപുരം മുസ്ലിയാരുടെ അപ്പോയിന്‍മെന്റ് എടുത്തിട്ടുണ്ട്. അദ്ദേഹത്തെ കാണാനായുള്ള യാത്രയിലായിരുന്നുവെന്ന് രാഹുല്‍ വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് അപ്പോയിന്‍മെന്റ് എടുത്തുവെന്ന സ്ഥിരീകരണം വരുന്നത്.
ഷാനിമോള്‍ ഉസ്മാന്‍ പറയുന്നതില്‍ ന്യായമുണ്ട്. ഒരു സ്ത്രീയുടെ മുറിയിലേക്ക് നാല് പുരുഷ പൊലീസാണോ പരിശോധന നടത്തേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് രാഹുല്‍ ആരോപിച്ചു. ബിജെപിക്ക് എന്തുകൊണ്ടാണ് സിപിഐഎം നേതാക്കളുടെ മുറികള്‍ പരിശോധിച്ചതില്‍ ആശങ്കയില്ലാത്തതെന്ന് രാഹുല്‍ ചോദിച്ചു. സിപിഐഎം-ബിജെപി ബാന്ധവത്തിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഇതെന്ന് രാഹുല്‍ പറയുന്നു.
നിന്ദ്യവും നീചവുമായ നടപടിയാണ് പാലക്കാട് നടക്കുന്നതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. പാലക്കാട് തെരഞ്ഞെടുപ്പില്‍ രാഷ്ട്രീയം പറയാതെ വ്യക്തി അധിക്ഷേപമാണ് സിപിഐഎമ്മും ബിജെപിയും നടത്തുന്നതെന്ന് രാഹുല്‍ പറഞ്ഞു. തനിക്കെതിരെ ഒരു പരാതിയും ഉണ്ടായിട്ടില്ലെന്ന് നോര്‍ത്ത് ഇന്‍സ്പെക്ടറുമായി സംസാരിച്ചതില്‍ നിന്ന് ബോധ്യപ്പെട്ടു. എല്ലാ ഹോട്ടല്‍ മുറികളിലും നടത്തുന്ന പരിശോധനയുടെ ഭാഗമായാണ് പരിശോധന നടത്തിയതെന്ന് രാഹുല്‍ പറഞ്ഞു. എല്ലാവരും മുറി തുറന്നു കൊടുത്തിരുന്നുവെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു.