പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിക്കുന്നതിൽ പി വി അൻവറിന്റെ തീരുമാനം നാളെ. വോട്ടു ഭിന്നിച്ച് ബിജെപി വിജയിക്കാൻ ഇടയാക്കുമെങ്കിൽ ഡിഎംകെ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് പി വി അൻവർ. മണ്ഡലത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. ബിജെപി ജയിക്കുന്ന സാഹചര്യമെങ്കിൽ സ്ഥാനാർത്ഥിയെ പിൻവലിക്കുമെന്ന് പി വി അൻവർ ട്വന്റിഫോറിനോട് വ്യക്തമാക്കിയിരുന്നു.
നാളെയാണ് പാലക്കാട്ട് അന്‍വര്‍ നിലപാട് പ്രഖ്യാപിക്കുക. അതേസമയം പി വി അൻവറുമായുള്ള സഹകരണം വേണ്ടെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നിലപാടിന് എഐസിസിയുടെ അംഗീകാരം. പി വി അൻവറുമായി ഇനി ചർച്ചയില്ലെന്ന് എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി പറഞ്ഞു.
സിപിഐഎമ്മിനെ വെല്ലുവിളിച്ച് തിരഞ്ഞെടുപ്പ് കളത്തിലിറങ്ങിയ പി വി അൻവർ ശരിക്കും വെല്ലുവിളി തീർത്തത് കോൺഗ്രസിനാണ്. കടുത്ത ത്രികോണമത്സരം നടക്കുന്ന പാലക്കാട് പി വി അൻവറിന്റെ സ്ഥാനാർഥി പിടിക്കുന്ന ഓരോ വോട്ടും നിർണായകമാണ്. പിവി അൻവറിന് കൂടാതെ കോൺഗ്രസിന് തലവേദന സൃഷ്ടിച്ചിരിക്കുന്നത് യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി എ കെ ഷാനിബ് ആണ്. കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച എ കെ ഷാനിബ് സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.