ക്യൂബയിൽ വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്നു. രാജ്യത്തെ പ്രധാന പവർ പ്ലാൻ്റുകളിലൊന്ന് തകരാറിലായതിനെ തുടർന്നാണ് ക്യൂബ ഇരുട്ടിലായത്. ജലവിതരണം പോലെയുള്ള സേവനങ്ങൾക്ക് പമ്പുകൾ പ്രവർത്തിപ്പിക്കുന്നതിന് വൈദ്യുതിയെ ആശ്രയിക്കുന്നതിനാൽ വൈദ്യുതി മുടങ്ങിയത് പ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ട്.
ഭക്ഷണം മോശമാകുന്നതിന് മുമ്പ് ആളുകൾ തെരുവുകളിൽ വിറക് അടുപ്പുകൾ ഉപയോഗിച്ച് പാചകം ചെയ്യാൻ തുടങ്ങിയിരിക്കുകയാണ്. ക്യൂബയിലെ പലയിടങ്ങളിലും സ്കൂളുകളും സർക്കാർ ഉടമസ്ഥതയിലുള്ള ചില സ്ഥാപനങ്ങളും താൽക്കാലികമായി അടച്ചിടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. വൈദ്യുതി പ്രതിസന്ധി നേരിടാനായി അടിയന്തര നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതർ അറിയിച്ചു.
20 ലക്ഷത്തോളം ആളുകൾ താമസിക്കുന്ന ക്യൂബയുടെ തലസ്ഥാനമായ ഹവാനയിൽ അധികാരികൾ ചില മേഖലകളിൽ നേരിയ രീതിയിൽ വൈദ്യുതി പുനഃസ്ഥാപിച്ചതായാണ് റിപ്പോർട്ട്. എങ്കിലും ഹവാനയുടെ ഭൂരിഭാഗവും ഇപ്പോഴും ഇരുട്ടിലാണ്.
ഹവാനയുടെ കിഴക്ക് മാറ്റാൻസാസ് പ്രവിശ്യയിലെ അൻ്റണിയോ ഗ്വിറ്ററസ് തെർമോ പവർ പ്ലാൻ്റിലുണ്ടായ തകരാറാണ് ക്യൂബയെ ഇരുട്ടിലാക്കിയത്. കഴിഞ്ഞ ദിവസങ്ങളിലേതിന് സമാനമായി ഇന്നും ക്യൂബയിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ ശ്രമങ്ങൾ നടന്നിരുന്നു.
തെക്കുകിഴക്കൻ ബഹാമാസിൻ്റെയും ക്യൂബയുടെയും ചില ഭാഗങ്ങളിൽ ഓസ്കാർ ചുഴലിക്കാറ്റ് അപകടകരമായി തുടരുകയണെന്ന് അധികൃതർ അറിയിച്ചു. മണിക്കൂറിൽ 130 കിലോ മീറ്റർ വേഗതയിലാണ് ഓസ്കാർ ക്യൂബയോട് അടുക്കുന്നത്.