കണ്ണൂര്‍ എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിൽ പി. പി. ദിവ്യയെ തള്ളി എംവി ഗോവിന്ദൻ. ദിവ്യയുടെ നടപടി ഒഴിവാക്കേണ്ടതായിരുന്നുവെന്ന് അദ്ദേഹം പ്രതികരിച്ചു. എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട് വലിയ പ്രയാസമാണ് അനുഭവിക്കുന്നത്. മരണം ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു.
എല്ലാ വശങ്ങളും പരിശോധിച്ച് ആവശ്യമായ നടപടി സ്വീകരിക്കും. ഒരു തരത്തിലുള്ള വിട്ടുവീഴ്ചയും ഉണ്ടാകില്ല. പാർട്ടി ജില്ലാ കമ്മിറ്റി വിഷയം പരിശോധിക്കുമെന്നും എംവി ഗോവിന്ദൻ കൂട്ടിച്ചേർത്തു.
പി സരിൻ സ്വീകരിക്കുന്ന നിലപാട് അനുസരിസിച്ചാണ് തീരുമാനം. പുറത്ത് വന്നത് കൊണ്ട് മാത്രം സ്ഥാനാർത്ഥി ആക്കാൻ പറ്റില്ല. നിലപാടാണ് വിഷയം,എൽഡിഎഫിനെ അംഗീകരിക്കണം.
സരിനുമായി ആരൊക്കെ ചർച്ച നടത്തി എന്ന് തനിക്ക് പറയാൻ പറ്റില്ല. രാഷ്ട്രീയം ആകുമ്പോൾ പലരും സംസാരിക്കും. ആര് വേണമെങ്കിലും സ്ഥാനാർത്ഥി ആവാം. നാളെയോടെ പ്രഖ്യാപനം വരും. സരിൻ്റെ നിലപാട് അറിഞ്ഞിട്ട് വീണ്ടും കാണാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
അതേസമയം കോൺഗ്രസിനോട് ഇടഞ്ഞ ഡോ. പി സരിന്റെ അപ്രതീക്ഷിത നീക്കത്തിലൂടെ രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധാ കേന്ദ്രമായി പാലക്കാട് നിയമസഭാ മണ്ഡലം.യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിൽ മണ്ഡലത്തിൽ എത്തും മുമ്പേ എൽഡിഎഫിന്റെ പ്രഖ്യാപനം ഉണ്ടായേക്കും.
ഇതിനിടെ ഡോ. പി സരിന്റെ പ്രശ്നം പരിഹരിക്കേണ്ടത് പാർട്ടിയാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ. സരിൻ പറഞ്ഞത് അദ്ദേഹത്തിന്റെ പ്രശ്നങ്ങളാണെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. വ്യക്തികൾക്ക് സ്ഥാനാർത്ഥി നിർണയത്തിൽ പ്രസക്തിയില്ല. പാർട്ടിയും മുന്നണിയുമാണ് സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ട്വന്റിഫോറിനോട് പ്രതികരിച്ചു.