ബാബാ സിദ്ദിഖ് വെടിയേറ്റുകൊല്ലപ്പെട്ട സംഭവത്തിൽ വിറങ്ങലിച്ച് നിൽക്കുകയാണ് ബോളിവുഡ് സിനിമാലോകവും രാഷ്ട്രീയ ലോകവും. അദ്ദേഹത്തെ അവസമായി കാണാൻ സിനിമയിലെ നിരവധി പ്രമുഖരാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്ന മുംബൈയിലെ ലീലാവതി ആശുപത്രിയിലേക്ക് എത്തുന്നത്. ബോളിവുഡിലെ വമ്പൻ താരങ്ങളുമായി സൗഹൃദം പുലർത്തിയിരുന്ന ബാബാ സിദ്ദിഖ് അവർ തമ്മിലുള്ള ഭിന്നത പരിഹരിക്കുന്നത്തിനായി ഇടനിലക്കാരനായി പ്രവർത്തിക്കുകയും ചെയ്യാറുണ്ടായിരുന്നു. ബാന്ദ്രയിലെ ബോളിവുഡ് താരങ്ങൾക്കും വ്യവസായികൾക്കുമിടയിൽ അത്രമാത്രം സ്വാധീനമുള്ള നേതാവ്. സൽമാൻ ഖാൻ, ഷാരൂഖ് ഖാൻ, സഞ്ജയ് ദത്ത് തുടങ്ങിയവരുമായി ശക്തമായ ബന്ധം അദ്ദേഹം പുലർത്തിയിരുന്നു.
ബാബാ സിദ്ദിഖ് നടത്തുന്ന ആഡംബര ഇഫ്താർ പാർട്ടികൾ എന്നും വാർത്തകളിൽ ഇടംപിടിക്കാറുണ്ട്. കാരണം ബോളിവുഡ് താരങ്ങളും രാഷ്ട്രീയപാർട്ടിയിലെ പ്രമുഖരും വ്യവസായികളുമാണ് ഈ പാർട്ടിയിൽ എത്താറുണ്ടായിരുന്നത്. മുംബൈയിലെ സൽക്കാര വേദികളിൽ ഏവർക്കും പരിചിതമായ മുഖമായിരുന്നു അദ്ദേഹത്തിന്റേത്. മാത്രമല്ല താരങ്ങൾ തമ്മിലുള്ള പല തർക്കങ്ങൾക്കും ഈ സൽക്കാരവേദിയിൽ പരിഹാരം ഉണ്ടാകാറുണ്ട്. അതിൽ എടുത്തുപറയേണ്ടത് ഷാരൂഖ് ഖാനും സൽമാൻ ഖാനും ഇടയിലെ മഞ്ഞുരുക്കമാണ്. 2013 ൽ നടത്തിയ ഒരു ഇഫ്താർ വിരുന്നിനിടയിലാണ് ഷാരൂഖ് ഖാനും സൽമാൻ ഖാനും തമ്മിലുള്ള പിണക്കം ബാബാ സിദ്ദിഖ് പുഷ്പ്പം പോലെ അവസാനിപ്പിച്ചത്.
ഇതിനൊക്കെപുറമെ മഹാരാഷ്ട്ര രാഷ്ട്രീയം പയറ്റിത്തെളിഞ്ഞ ഒരു ബാബാ സിദ്ദിഖ് ഉണ്ട്. മൂന്ന് വർഷങ്ങളിലായി ബാന്ദ്ര വെസ്റ്റ് മണ്ഡലത്തിൽനിന്നും തുടർച്ചയായി വിജയിച്ച നേതാവ്. മഹാരാഷ്ട്രയുടെ ഭക്ഷ്യ, സിവിൽ സപ്ലൈസ്, തൊഴിൽ വകുപ്പുകള്‍ കൈകാര്യം ചെയ്ത മുന്‍മന്ത്രി. ഈ വർഷം ഫെബ്രുവരിയിലാണ് 48 വര്‍ഷക്കാലം നീണ്ട കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച്, പ്രാഥമിക അംഗത്വം പോലും രാജിവച്ച് ബാബാ സിദ്ദിഖ് അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിൽ ചേർന്നത്.
ശനിയാഴ്ച വൈകുന്നേരമാണ് ബാബാ സിദ്ദിഖി മകന്റെ ബാന്ദ്രയിലെ ഓഫീസില്‍വെച്ച് വെടിയേറ്റ് മരിക്കുന്നത്. ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് അദ്ദേഹത്തെ ആക്രമിച്ചത്. കൊലപാതകത്തിന് ക്വട്ടേഷൻ നൽകിയത് ഗുണ്ടാ നേതാവ് ലോറൻസ് ബിഷ്ണോയാണെന്ന് അറസ്റ്റിലായ പ്രതികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. കൊലപാതകത്തിന് മുൻകൂറായി പ്രതികൾക്ക് പണം ലഭിച്ചെന്നും നടന്നത് ക്വട്ടേഷൻ കൊല തന്നെയെന്നും പൊലീസ് സ്ഥിരീകരിച്ചു. ഒരു മാസത്തിലേറെയായി പ്രതികൾ ബാബാ സിദ്ദിഖിയുടെ പുറകെ ഉണ്ടായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്.