സംസ്ഥാനത്ത് ശക്തമായ മഴ തുടരും. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ഇടുക്കി, പാലക്കാട്, കോഴിക്കോട്, വയനാട്, കാസറഗോഡ്. ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പുണ്ട്. (Kerala rains orange alert in 2 districts today)
കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ നിലവില്‍ മീന്‍പിടുത്തത്തിന് തടസമില്ല. എന്നാല്‍ കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ തീരപ്രദേശങ്ങളില്‍ ശക്തമായ തിരമാലക്കും കടലേറ്റത്തിനും സാധ്യതയുള്ളതിനാല്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. അടുത്ത 3 ദിവസത്തിനുള്ളില്‍ രാജ്യത്ത് നിന്ന് കാലവര്‍ഷം പൂര്‍ണ്ണമായും പിന്‍വാങ്ങാനും തെക്ക് കിഴക്കേ ഇന്ത്യയില്‍ തുലാവര്‍ഷം ആരംഭിക്കാനും സാധ്യതയുണ്ട്.