എറണാകുളം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായി കുടിവെള്ളം മുടങ്ങി. കൊച്ചി കോര്‍പ്പറേഷന്‍,ആലുവ കളമശ്ശേരി, ഏലൂര്‍, തൃക്കാക്കര , നഗരസഭകളും എളങ്കുന്നപ്പുഴ, ഞാറക്കല്‍, എടത്തല , കീഴ്മാട് , ചൂര്‍ണിക്കര, ചേരാനല്ലൂര്‍ പഞ്ചായത്തുകളിലും കുടിവെള്ളം മുടങ്ങി. വൈദ്യുതി ബന്ധം തകരാറിലായതിനെ തുടര്‍ന്നാണ് ജലശുദ്ധീകരണശാലയില്‍ നിന്നുള്ള ജലവിതരണം തടസപ്പെട്ടത്.
ഇന്നലെ രാത്രി മുതല്‍ തകരാര്‍ പരിഹരിക്കാന്‍ ശ്രമം നടന്നെങ്കിലും ഇന്നും പ്രശ്‌നങ്ങള്‍ക്ക് പൂര്‍ണ പരിഹാരമായിട്ടില്ല. വൈദ്യുതിബന്ധം പൂര്‍ണമായും പുനസ്ഥാപിക്കാന്‍ സാധിച്ചില്ല. പകരം സംവിധാനത്തിലൂടെ പമ്പ് ഹൗസിലേക്ക് വൈദ്യുതി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. കെ ഡബ്ലിയു എ ഓള്‍ഡ് ക്വാര്‍ട്ടേഴ്‌സിനും ആലുവ പോലീസ് സ്റ്റേഷനും ഇടയിലാണ് വൈദ്യുതി കേബിളിന് തകരാര്‍ ഉണ്ടായത്.
ആലുവ സെന്റ് മേരിസ് ഹൈസ്‌കൂളിന് മുന്നിലെ കെഎസ്ഇബി അണ്ടര്‍ ഗ്രൗണ്ട് കേബിളിലെ തകരാര്‍ പരിഹരിക്കുകയാണെന്നും ഉടന്‍ തന്നെ ഇതിലൂടെയുള്ള വൈദ്യുതി ബന്ധം പുനസ്ഥാപിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഉച്ചയോടെ വിശാല കൊച്ചി പ്രദേശങ്ങളിലേക്ക് കൂടിയ അളവില്‍ വെള്ളം എത്തും. ഇന്നലെ രാത്രി മുതല്‍ താല്‍ക്കാലികമായി സജ്ജീകരിച്ച വൈദ്യുതിയില്‍ ചെറിയ മോട്ടറുകള്‍ പ്രവര്‍ത്തിപ്പിച്ച് പമ്പിങ് തുടരുന്നുണ്ട്.