തിരക്ക് പിടിച്ച ഇന്ത്യന്‍ തൊഴില്‍ സംസ്‌കാരത്തെ കുറിച്ച് പ്രതികരിച്ച് സ്വിഗ്ഗി ഫുഡ് ആന്‍ഡ് മാര്‍ക്കറ്റ്‌പ്ലേസ് സിഇഒ രോഹിത് കപൂര്‍. ആരോഗ്യകരമായ വര്‍ക്ക് – ലൈഫ് ബാലന്‍സ് നിലര്‍ത്തിപ്പോരേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് പറഞ്ഞ അദ്ദേഹം വിജയത്തിനായുള്ള അശ്രാന്ത പരിശ്രമം മാനസിക ശാരീരിക ആരോഗ്യ കാര്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യുന്നതിലേക്ക് നയിച്ചേക്കാമെന്നും മുന്നറിയിപ്പ് നല്‍കി. ബെംഗളൂരുവില്‍ വച്ച് നടന്ന ഒരു പരിപാടിക്കിടെ ഇന്‍ഫ്‌ളുവന്‍സര്‍ ശ്രദ്ധ വര്‍മയോട് സംസാരിക്കുകയാരുന്നു അദ്ദേഹം.
നിങ്ങള്‍ തിരക്ക് കൂട്ടേണ്ടതോ പുലര്‍ച്ചേ മൂന്ന് മണി വരെ തൊഴിലെടുക്കേണ്ടതോ ആയ ആവശ്യമില്ലെന്ന് രോഹിത് പറയുന്നു. വെളുപ്പിന് മൂന്ന് മണി വരെ ജോലി ചെയ്യാന്‍ പറയുന്നവര്‍ ഒരിക്കലും അടുത്ത ദിവസം ഉച്ചയ്ക്ക് ഒരു മണിക്ക് ജോലിക്ക് വന്നാല്‍ മതിയെന്ന് പറയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കഠിനാധ്വാനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിലും ഒരാളെ പരിധിയുടെ അങ്ങേയറ്റത്തേക്ക് തള്ളുന്നത് താങ്ങാനാവുന്നതല്ലെന്നും രോഹിത് പറഞ്ഞു. കഠിനാധ്വാനം ചെയ്യണം എന്നാല്‍ അതിനായി വ്യക്തിജീവിതം ബലി കൊടുക്കരുത് – അദ്ദേഹം വ്യക്തമാക്കി. കുടുംബത്തിന് മുന്‍ഗണന നല്‍കാനും അനാവശ്യമായി രാത്രി വൈകിയും ജോലി ചെയ്യുന്നത് ഒഴിവാക്കാനും സ്വിഗി സിഇഒ ജീവനക്കാരോട് പറഞ്ഞു.